നിര്‍ധനരായ യുവതി യുവാക്കള്‍ക്ക് സൗജന്യ ജി.ഡി.എ പരിശീലനവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: August 15, 2023

കൊച്ചി : നിര്‍ധനരായ യുവതി യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. തിരഞ്ഞെടുത്ത 50 പേര്‍ക്കാണ് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്‌സിന്റെ പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് ശേഷം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ജോലി നല്‍കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റര്‍ മെഡ്‌സിറ്റി നോളജ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു.

സൗജന്യ തൊഴില്‍ പരിശീലനത്തിലൂടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ആസ്റ്റര്‍ മെഡ്സിറ്റിയുടെ പ്രതിബദ്ധത ഒരിക്കല്‍ കൂടി വ്യക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനം നേടി പുറത്തു വരുന്ന ഒരു കൂട്ടം ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റുമാര്‍ മെഡ്‌സിറ്റിക്ക് മുതല്‍കൂട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് മാസം സ്‌റ്റൈപ്പന്റോടെയായിരിക്കും പരിശീലിപ്പിക്കുക. 25 പേര്‍ വീതമുള്ള രണ്ട് ബാച്ചുകള്‍ ആയിട്ടാണ് പരിശീലന ക്ലാസുകള്‍ നടത്തുന്നത്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള വ്യവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്ഥിര നിയമനം നല്‍കുമെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.എ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്. നഴ്‌സിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ലഭിച്ച ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളില്‍ നിന്ന് ഏറ്റവും അര്‍ഹരായവരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.