ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പാർട്ണർഷിപ്പ് സ്‌കീം ആരംഭിച്ചു

Posted on: February 18, 2017

കൊച്ചി : ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി ചേർന്ന് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പാർട്ട്ണർഷിപ്പ് സ്‌കീം ആരംഭിച്ചു. ഈ പദ്ധതി അനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ളതും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളതുമായ കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയയും അർബുദ ചികിത്സയും ലഭ്യമാക്കും. തുടക്കത്തിൽ നാലു വർഷത്തേക്കാണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പാർട്ട്ണർഷിപ്പ് സ്‌കീം.

സച്ചിന് കേരളത്തോടുള്ള സ്‌നേഹവും അദ്ദേഹം നേതൃത്വം നല്കിയ കേരളത്തിലെ ഫുട്‌ബോൾ ടീം പോലെയുള്ള വിവിധ സംരംഭങ്ങളും എല്ലാവർക്കും അറിയാവുന്നതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ എല്ലായ്‌പ്പോഴും സച്ചിനോട് സ്‌നേഹവും വാത്സല്യവും കാണിച്ചിട്ടുണ്ട്. ഈ താത്പര്യമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് അർഹതപ്പെട്ടതെന്തെങ്കിലും നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗം നേരിടുന്ന മാരകമായ അർബുദം, ഹൃദ്രോഗം പോലുള്ള രോഗങ്ങൾക്ക് സാമ്പത്തികമായി അവരുടെ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായി ഈ കുഞ്ഞുങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്ന സച്ചിനോടൊപ്പം പങ്കാളിയാകാൻ കഴിഞ്ഞത് ആസ്റ്റർ ഡിഎം ഫൗണ്ടേഷന് ലഭിച്ച ബഹുമതി ആയി കരുതുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശി റിജോ ജോൺസൺ ആണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പാർട്ട്ണർഷിപ്പ് സ്‌കീമിന്റെ ആദ്യ ഗുണഭോക്താവ്. ഏഴാം മാസത്തിൽ പ്രായപൂർത്തിയാവാതെ ജനിച്ച കുഞ്ഞിന്റെ അമ്മ പ്രസവസമയത്തുള്ള സങ്കീർണ്ണതകൾമൂലം മരണമടഞ്ഞു. പിന്നീടുള്ള പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിൽ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ കുഞ്ഞിന് വിജയകരമായി ശസ്ത്രക്രിയ നടത്തുകയും കുഞ്ഞ് ജീവിതത്തിലേക്ക് തിരികെവരികയും ചെയ്തു.

ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പാർട്ട്ണർഷിപ്പ് സ്‌കീമിന്റെ ആദ്യ സംരംഭം വിജയമായതിനേത്തുടർന്ന് അർബുദവും ഹൃദ്രോഗവുംമൂലം വേദന അനുഭവിക്കുന്ന, അർഹരായ കൂടുതൽ കുഞ്ഞുങ്ങളിലേക്ക് ഫൗണ്ടേഷന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അടുത്ത നാലുവർഷത്തേക്ക് ചികിത്സിക്കാൻ കുടുംബത്തിനു കഴിവില്ലാത്ത അർഹരായ നിരവധി കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.