എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി

Posted on: August 11, 2016

HLL-MOODS-Cup-football-tour

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ സംഘടിപ്പിക്കുന്ന പ്രഥമ മൂഡ്‌സ് കപ്പ് എച്ച്എൽഎൽ ഓൾ കേരള ഇന്റർ യൂണിറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എച്ച്എൽഎൽ സിഎംഡി ആർ.പി ഖണ്ഡേൽവാൽ പ്രഥമ മൂഡ്‌സ് കപ്പ് അനാവരണം ചെയ്തു.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം നറുക്കെടുപ്പിലൂടെ മത്സരാർഥികളുടെ ഗ്രൂപ്പ് നിർണയിച്ചു. എച്ച്എൽഎൽ ഡയറക്ടർമാരായ ഡോ. ബാബു തോമസ്, ഇ.എ. സുബ്രഹ്മണ്യൻ എന്നിവർ ടീം ജേഴ്‌സികൾ വിതരണം ചെയ്തു.

ആരോഗ്യപരിപാലന സേവനദാതാവെന്ന നിലയിൽ കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും പ്രൊഫഷണൽ ഫുട്‌ബോളിന്റെ നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നതെന്ന് ഖണ്ഡേൽവാൽ പറഞ്ഞു. എച്ച്എൽഎൽ ജീവനക്കരിൽനിന്നടക്കം ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി അവരെ ദേശീയതലത്തിലേക്കുയർത്താനും ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനും ടൂർണമെന്റ് ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സീസൺ ഒന്നിലെ മത്സരങ്ങൾ എച്ച്എൽഎല്ലിന്റെ വിവിധ യൂണിറ്റുകളായ പേരൂർക്കട ഫാക്ടറി, കോർപ്പറേറ്റ് ഹെഡ് ഓഫിസ്, ആക്കുളം ഫാക്ടറി, കൊച്ചി ഫാക്ടറി, ഇരവിപുരം ഫാക്ടറി എന്നിവ തമ്മിൽ ഓഗസ്റ്റ് 12, 13, 14 തീയതികളിൽ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടക്കും.