26 വിദ്യാർഥികൾക്ക് എച്ച്എൽഎൽ പ്രതീക്ഷ സ്‌കോളർഷിപ്പ്

Posted on: February 3, 2018

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയർ തിരുവനന്തപുരം നഗരത്തിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള സമർഥരായ 26 വിദ്യാർഥികൾക്ക് പ്രതീക്ഷ സ്‌കോളർഷിപ്പുകൾ സമ്മാനിച്ചു. 2017-2018 ൽ പ്രഫഷണൽ, സാങ്കേതിക കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് എച്ച്എൽഎല്ലിന്റെ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്‌കോളർഷിപ്പ് നൽകിയത്.

എച്ച്എൽഎൽ കോർപറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ടെക്‌നിക്കൽ ആൻഡ് ഓപറേഷൻസ് ഡയറക്ടർ ഇ. എ.സുബ്രഹ്മണ്യൻ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്തു നിന്ന് സ്‌കോളർഷിപ്പിന് 146 അപേക്ഷകളാണ് ലഭിച്ചത്. മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 26 പേർക്ക് സ്‌കോളർഷിപ്പ് നൽകുകയാണെന്ന് ഇ.എ.സുബ്രഹ്മണ്യൻ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക് 30000 രൂപയും എൻജിനീയറിംഗ്, ബി-ഫാം വിദ്യാർഥികൾക്ക് 20000 രൂപയും നഴ്‌സിംഗ്, ഡിപ്ലോമ വിദ്യാർഥികൾക്ക് 10000 രൂപയും ഐടിഐ വിദ്യാർഥികൾക്ക് 5000രൂപയുമാണ് വർഷംതോറും സ്‌കോളർഷിപ്പ് ആയി നൽകുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് വർഷം തോറും തുക അനുവദിക്കുന്നത്.

പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി 2014 ൽ ആരംഭിച്ച സ്‌കോളർഷിപ്പ് ഇന്ന് 118 കുട്ടികൾക്ക് ലഭ്യമാകുന്നു. ഇവരിൽ 78 പേർ തിരുവനന്തപുരം സ്വദേശികളും 40 കുട്ടികൾ ബൽഗാം സ്വദേശികളുമാണ്.

എച്ച്എൽഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആൻഡ് സീനിയർ വൈസ് പ്രസിഡന്റ് (ഫിനാൻസ്) ആർ. ഗണേശൻ, എച്ച്എൽഎൽ കമ്പനി സെക്രട്ടറി ശ്രീ പി.ശ്രീകുമാർ, വൈസ് പ്രസിഡന്റ് (എച്ച് ആർ) വിനയകുമാർ, അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സിസി ആൻഡ് എസ്പി) എസ്.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.