ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് 2016-17 ൽ മികച്ച നേട്ടം

Posted on: April 9, 2017

കൊച്ചി : ദുബായ് ആസ്ഥാനമായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ 2016-2017 സാമ്പത്തിക വർഷത്തിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖലകളിൽ മികച്ച നേട്ടം രേഖപ്പെടുത്തി. സുസ്ഥിരമായ വികസനരീതികളും ഏറ്റെടുക്കലുകളുമാണ് വളർച്ചയ്ക്ക് സഹായിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആസ്റ്റർ ഗ്രൂപ്പ് ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ ആരോഗ്യശൃംഖലയ്ക്ക് തുടങ്ങമിട്ടിരുന്നു.

2017-ൽ മുപ്പത് വർഷം പൂർത്തിയാക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിനു കീഴിൽ 18 ആശുപത്രികളും 98 ക്ലിനിക്കുകളും 201 ഫാർമസികളും ഉൾപ്പെടെ 317 മെഡിക്കൽ സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ദുബായിലെ മെഡ്‌കെയർ വിമൻ & ചിൽഡ്രൻ ഹോസ്പിറ്റലും ഷാർജയിലെ മെഡ്‌കെയർ ഹോസ്പിറ്റലും പ്രവർത്തനം തുടങ്ങി. ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.

ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് എന്നീ ബ്രാൻഡുകളിലായി ജിസിസി രാജ്യങ്ങളിൽ എട്ട് പുതിയ ക്ലിനിക്കുകളും 25 ഫാർമസികളും പുതിയതായി ആരംഭിച്ചു ആസ്റ്റർ, മെഡ്‌കെയർ എന്നീ ബ്രാൻഡുകൾക്കു കീഴിൽ ഐവിഎഫ്, വിമൻ കെയർ എന്നിങ്ങനെ രണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ തുടങ്ങി.

അബുദാബിയിലെ ഹാർലി സ്ട്രീറ്റ് മെഡിക്കൽ സെന്ററിന്റെ 60 ശതമാനം ഓഹരികൾ സ്വന്തമാക്കിയ ആസ്റ്റർ ഗ്രൂപ്പ് ഡേ-കെയർ മേഖലയിൽ സർജിക്കൽ സെന്റർ ഉൾപ്പെടുന്ന ഹെൽത്ത്‌കെയർ സ്‌പെഷ്യാലിറ്റി രംഗത്തേയ്ക്ക് പ്രവേശിച്ചു. രോഗീപരിചരണത്തിനായി നൂതന സാങ്കേതിക മാർഗമായ ആസ്റ്റർ ഓൺലൈൻ, ആസ്റ്റർ ക്രോണിക് കെയർ@ഹോം സർവീസുകൾ ആരംഭിച്ചതും കഴിഞ്ഞ സാമ്പത്തികവർഷത്തിലാണ്.

ഈ കാലയളവിൽ അൽ ഖിസൈസിൽ 100 ബെഡ് സൗകര്യങ്ങളുള്ള ആസ്റ്റർ ഹോസ്പിറ്റലിന്റെ നിർമ്മാണം ആരംഭിക്കുകയും ഷാർജയിൽ ആസ്റ്റർ ഹോസ്പിറ്റൽ ആരംഭിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
ബംഗലുരുവിൽ ആസ്റ്റർ സിഎംഐ ആശുപത്രിയും പുതിയതായി മൂന്ന് ആസ്റ്റർ ക്ലിനിക്കുകളും തുടങ്ങി.

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ, വിജയവാഡ എന്നിവിടങ്ങളിൽ മൂന്ന് പ്രമുഖ ആശുപത്രികളുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തുകൊണ്ട് ആകെ 500 ബെഡുകളുള്ള ശൃംഖല വിപുലമാക്കി. ഹൈദരാബാദിൽ ആസ്റ്റർ പ്രൈം ഹോസ്പിറ്റൽ വികസിപ്പിച്ചതും കഴിഞ്ഞ സാമ്പത്തികവർഷത്തിലാണ്. കേരളത്തിലെ തിരുവനന്തപുരത്ത് 500 ബെഡുകളുള്ള ആസ്റ്റർ ഹോസ്പിറ്റലിനുവേണ്ടി സ്ഥലം ഏറ്റെടുത്തു. കണ്ണൂരിൽ 200 ബെഡുകളുള്ള ആസ്റ്റർ മിംസ് ആശുപത്രിയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് സൗകര്യം ഉപയോഗപ്പെടുത്തി 295 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതികൾ പൂർത്തിയാക്കിയതായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ അറിയിച്ചു. കമ്പനിയുടെ പ്രകടനവും ഭാവിപദ്ധതികളും അടിസ്ഥാനമാക്കി സാമ്പത്തിക നടപടികൾ സുഗമമാക്കുന്നതിനായി ആക്‌സിസ് ബാങ്ക് ആകർഷകമായ വ്യവസ്ഥകളും ഉപാധികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗുണമേന്മയുള്ള ആരോഗ്യപരിചരണം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് പ്രവർത്തനങ്ങളെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഗുണമേന്മയുള്ള സേവനം രോഗികൾക്ക് ദൈനംദിനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായുള്ള മുന്നോട്ടുള്ള യാത്ര ആവേശകരമാണ്. പ്രാഥമിക ആരോഗ്യരംഗത്തെ പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് നൂതനമായ രീതികൾ അവതരിപ്പിക്കുന്നതിനും സുസ്ഥിരമായ പരിഹാരം കാണുന്നതിനുമുള്ള മെച്ചപ്പെട്ട മാർഗങ്ങൾ തേടുന്നതിന് ഇതുവഴി കഴിയുന്നുണ്ട്. 2016-17-ൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പുതിയ മേഖലകൾ കണ്ടെത്തുന്നതിന് സാധിച്ചുവെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

യുഎഇ, കെഎസ്എ, ഖത്തർ, ബഹ്‌റിൻ, ഒമാൻ, കുവൈറ്റ്, ജോർദാൻ, ഇന്ത്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലായി ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് ബ്രാൻഡുകളിലാണ് ആസ്റ്റർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.