സച്ചിൻ ആസ്റ്റർ ഫാർമസി ഷാർജ ഷോറൂം ഉദ്ഘാടനം ചെയ്തു

Posted on: March 9, 2017

ദുബായ് : ആസ്റ്റർ ഫാർമസിയുടെ ഷാർജയിലെ ഏറ്റവും വലിയ ഔട്ട്‌ലെറ്റ് ബ്രാൻഡ് അംബാസഡറും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെൻഡുൽക്കർ ഉദ്ഘാടനം ചെയ്തു. അൽ നഹ്ദയിൽ 2500 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഫാർമസി തുറന്നിട്ടുള്ളത്. ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർമാരായ അനൂപ് മൂപ്പൻ, അലീഷാ മൂപ്പൻ, റ്റി.ജെ. വിൽസൺ, ആസ്റ്റർ ഫാർമസി സിഇഒ ജോബിലാൽ വാവച്ചൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ഇരുന്നൂറോളം ഫാർമസികളുടെ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയാണ് അൽ നാഹ്ദയിലെ ആസ്റ്റർ ഫാർമസിയുടെ വിപുലമായ ഈ ഷോറൂം. പ്രിസ്‌ക്രിപ്ഷൻ സേവനങ്ങൾ, റീഹാബിലിറ്റേഷൻ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഹോം കെയർ മെഡിക്കൽ ഉപകരണങ്ങൾ, സ്‌കിൻ കെയർ, ഹെയർ കെയർ, ഓവർ ദ കൗണ്ടർ മരുന്നുകൾ, മറ്റ് വെൽനസ് ഉത്പന്നങ്ങൾ എന്നിവയെല്ലാം ആസ്റ്റർ ഫാർമസിയിൽ ലഭ്യമാകും.

കഴിഞ്ഞ രണ്ട് വർഷമായി ആസ്റ്റർ ഫാർമസിയുമായുള്ള ബന്ധത്തിൽനിന്ന് ഉപയോക്താക്കളോടുള്ള ആത്മാർത്ഥതയും ആത്മസമർപ്പണവും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു.

ഗൾഫ് മേഖലയിലെ ആരോഗ്യരംഗം 2020-ൽ 12.7 ശതമാനം വളർച്ച നേടുമെന്നാണ് പഠനങ്ങൾ വിലയിരുത്തപ്പെടുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഫാർമസിയിലൂടെ സമൂഹത്തിനായി ഗുണമേന്മയുള്ള ഉത്പന്നങ്ങളും ആരോഗ്യസേവനങ്ങളും എളുപ്പത്തിൽ സമൂഹത്തിൽ എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് അദേഹം കൂട്ടിചേർത്തു.