നിസാൻ ട്രോഫി ടൂർ കൊച്ചിയിൽ

Posted on: March 7, 2017

കൊച്ചി : ഐ സി സി ചാമ്പ്യൻസ് ട്രോഫി നേരിട്ട് കാണാൻ ആരാധകർക്ക് അവസരമൊരുക്കി നിസാൻ ട്രോഫി ടൂർ കൊച്ചിയിൽ. മാർച്ച് ഒന്നിന് കോൽക്കത്തയിൽ നിന്ന് പ്രയാണമാരംഭിച്ച ട്രോഫി ടൂർ മുംബയിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് കൊച്ചിയിലെത്തിയത്. കോൽക്കത്ത, മുംബൈ, കൊച്ചി, ബംഗലുരു, ഹൈദരാബാദ്, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ ട്രോഫി പ്രദർശനത്തിന് വെയ്ക്കും. ലുലു മാളിൽ നൂറു കണക്കിന് ആരാധകരാണ് ട്രോഫി കാണാനെത്തിയത്.

ഈ നഗരങ്ങളിലെ സർവകലാശാല കാമ്പസുകൾ, ഷോപ്പിംഗ് മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ, നിസാൻ ഡീലർഷിപ്പുകൾ എന്നിവിടങ്ങളിൽ പ്രദർശനത്തിന് വെയ്ക്കുന്ന ട്രോഫി ആരാധകർക്ക് ഏറ്റവും അടുത്ത് കാണാനും ട്രോഫിക്കൊപ്പം 360 ഡിഗ്രി ചിത്രങ്ങൾ എടുക്കുവാനും വെർച്വൽ റിയാലിറ്റി ക്രിക്കറ്റ് ഗെയിമുകൾ കളിക്കാനും അവസരമുണ്ട്. മാർച്ച് 16 ന് ട്രോഫി പര്യടനം അവസാനിക്കും.

ഐ സി സിയുടെ ആഗോള പങ്കാളിയും ഔദ്യോഗിക കാർ എന്ന നിലയിലും നിസാൻ രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളിൽ ട്രോഫി പ്രദർശനത്തിനെത്തിക്കും. ആരാധകരെ ത്രസിപ്പിക്കുന്നതിനായി അപ്രഖ്യാപിത ട്രോഫി പ്രദർശനങ്ങളും ഉണ്ടാകും.

ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ സ്‌പോൺസറാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു. കഴിഞ്ഞ മാസം ദുബായിലും ട്രോഫി പ്രയാണം നടത്തിയിരുന്നു. ഇന്ത്യയിലെ പര്യടനത്തിന് ശേഷം ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും പര്യടനം നടത്തും. ജൂൺ ഒന്നിന് ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തോടെയാണ് ഐ സി സി ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.