പണംകൈമാറ്റത്തിന് ഫെഡറൽ ബാങ്കും സിംഗ് എക്സും തമ്മിൽ കരാർ

Posted on: January 26, 2017

കൊച്ചി : രാജ്യാന്തര മണി ട്രാൻസ്ഫറിന് ഫെഡറൽ ബാങ്കും സിംഗപ്പൂർ ആസ്ഥാനമായ ഫിൻടെക് കമ്പനിയായ ട്രാൻസ്ഫർ ഈസി യും തമ്മിൽ കരാറായി. ഓൺലൈൻ റെമിറ്റൻസിനുള്ള സിംഗ് എക്സസ് പ്ലാറ്റ്ഫോം ട്രാൻസ്ഫർ ഈസി യുടേതാണ്.

സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മണിട്രാൻസ്ഫർ നടത്തുന്നതിനുള്ള ഏറ്റവും നൂതനമായ മാർഗമാണ് സിംഗ് എക്സ് പ്ലാറ്റ്ഫോം. ലോകമെങ്ങും ബാങ്കുകൾ സാധാരണമായി ഉപയോഗിച്ചുവരുന്ന മണിട്രാൻസ്ഫർ സാങ്കേതിക വിദ്യയിലുള്ള നൂലാമാലകൾ ഇല്ലാത്തതാണ് സിംഗ് എക്സ് പ്ലാറ്റ്ഫോം. സുതാര്യവും സത്യസന്ധവുമായ നിരക്കുകൾ, വളരെചെറിയ ഫണ്ട് ട്രാൻസ്ഫർ നിരക്ക്, എളുപ്പത്തിൽ സൈൻ ഇൻ ചെയ്ത് ഫണ്ട് ട്രാൻസ്ഫർ നടത്താനുള്ള സൗകര്യം, അതിവേഗത്തിൽ ഇടപാട് നടക്കുന്നു തുടങ്ങിയവയാണ്‌സിംഗ് എക്സിന്റെ പ്രത്യേകതകൾ.

സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് സിംഗ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ ഏത് ബാങ്കിലേക്കും വേഗത്തിലും എളുപ്പത്തിലും ലാഭകരമായും വിശ്വാസ്യതയോടെയും പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമാണ് ഫെഡറൽ ബാങ്ക് ഏർപ്പെടുത്തുന്നതെന്ന് അസിസ്റ്റന്റ് ജനറൽ മാനേജറും ഇന്റർനാഷണൽ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ജോസ്‌സ്‌കറിയ പറഞ്ഞു.