മുൻ പ്രധാനമന്ത്രി എ. ബി. വാജ്‌പേയി അന്തരിച്ചു

Posted on: August 16, 2018

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി അടൽ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. ജൂൺ 11 മുതൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ 36 മണിക്കൂറായി ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് അദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. അവിവാഹിതനാണ്.

വാജ്‌പേയിയുടെ സംസ്‌കാരം നാളെ വൈകുന്നേരം അഞ്ചിന് വിജയ് ഘട്ടിൽ നടക്കും. അദേഹത്തിന്റെ ഭൗതികശരീരം ഇപ്പോൾ കൃഷ്ണമേനോൻ മാർഗിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഒരാഴ്ചത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. 1996 ൽ 13 ദിവസവും 1998 ൽ 13 മാസവും പ്രധാനമന്ത്രിയായി.1999-2004 കാലഘട്ടത്തിൽ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കി. 1977 ൽ മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. പത്ത് തവണ ലോകസഭാംഗമായിരുന്നു. രാജ്യതന്ത്രജ്ഞൻ എന്നതിന് പുറമെ വാഗ്മിയും എഴുത്തുകാരനും കവിയുമായിരുന്നു. 1992 ൽ പദ്മവിഭൂഷണും 2014 ൽ ഭാരതരത്‌നവും നൽകി രാജ്യം അദേഹത്തെ ആദരിച്ചു.

ജനസംഘത്തിന്റെ സ്ഥാപകാംഗമായിരുന്ന അടൽ ബിഹാരി വാജ്‌പേയി 1924 ൽ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജനിച്ചത്. അധ്യാപകനായ കൃഷ്ണ ബിഹാരി വാജ്‌പേയിയും കൃഷ്ണാദേവിയുമായിരുന്നു മാതാപിതാക്കൾ. ഗ്വാളിയോർ വിക് ടോറിയ കോളജിൽ നിന്നും ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദവും കാൺപൂർ ഡിഎവി കോളജിൽ നിന്ന് പൊളിറ്റിക്‌സിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യർ്ത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. പിന്നീട് ആർഎസ്എസിൽ സജീവമായി. 1980 ൽ ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപകരിലൊരാളും പാർട്ടിയുടെ ആദ്യ പ്രസിഡന്റുമായി.

1957 ൽ മധ്യപ്രദേശിലെ ബൽറാംപൂരിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1962 ലും 1986 ലും രാജ്യസഭാംഗമായി. തുടർന്ന് 1967, 1971,,1977,1980, 1991, 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ ലോകസഭാംഗമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ് ദുള്ള, ലോക് ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പസ്വാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ നിരവധി പ്രമുഖർ എഐഎംഎസിൽ എത്തി വാജ്‌പേയിയെ സന്ദർശിച്ചിരുന്നു.