ആഭ്യന്തര വിമാനയാത്രികര്‍ ജൂണില്‍ 1.13 കോടി

Posted on: July 19, 2018

കൊച്ചി : ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ജൂണില്‍ 18.26 ശതമാനം വര്‍ധിച്ചു. 1,13,25,000 പേരാണ് 2018 ജൂണില്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡി ജി സി എ) കണക്കുകള്‍ വ്യക്തമാക്കുന്നു.

2017 ജൂണിലെ 95.68 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 17.57 ലക്ഷത്തിന്റെ വര്‍ദ്ധന.

അതേ സമയം, മെയ് മാസവുമായി താരതമ്യം ചെയ്താല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വേനല്‍ അവധി കഴിഞ്ഞതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ സാധാരണ കുറവ് അനുഭവപ്പെടാറുണ്ട്.

ആഭ്യന്തര വിമാനക്കമ്പനികളില്‍ ‘ഇന്‍ഡിഗോ’ മേധാവിത്വം നിലനിര്‍ത്തി. 46.3 ലക്ഷം പേരാണ് ഇന്‍ഡിഗോ വിമാനങ്ങളില്‍ പറന്നത്. 41.3 ശതമാനമാണ് ഇന്‍ഡിഗോയുടെ വിപണി വിഹിതം.

15.12 ലക്ഷം യാത്രക്കാരുമായി ‘ജെറ്റ് എയര്‍വെയ്‌സ്’ രണ്ടാം സ്ഥാനത്താണ്. 13.3 ശതമാനമാണ് വിപണി വിഹിതം. അതേ സമയം, യാത്രക്കാരുടെ എണ്ണത്തിലും വിപണി വിഹിതത്തിലും പൊതുമേഖലയിലെ എയര്‍ ഇന്ത്യ ഇടിവ് നേരിട്ടു.