വീഡിയോകോൺ ലിബർട്ടി ജനറൽ ഇൻഷുറൻസിന്റെ ഓഹരികൾ വിറ്റു

Posted on: March 21, 2018

മുംബൈ : സാമ്പത്തിക പ്രതിസന്ധിയിൽ നേരിടുന്ന വീഡിയോകോൺ ഇൻഡസ്ട്രീസ്, ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ ഡി.പി. ജിൻഡാൽ ഗ്രൂപ്പിനും ഇനാം സെക്യൂരിറ്റീസിനും വിറ്റു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഡി. പി. ജിൻഡാൽ ഗ്രൂപ്പ് 26 ഉം ഇനാം സെക്യൂരിറ്റീസ് 25 ഉം ശതമാനം ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. യുഎസിലെ ലിബർട്ടി മ്യൂച്വൽ ഇൻഷുറൻസ് ഗ്രൂപ്പിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ലിബർട്ടി മ്യൂച്വൽ ഡിസംബറിലാണ് ഓഹരിപങ്കാളിത്തം 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി വർധിപ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ അടച്ചുതീർത്ത മൂലധനമുള്ള (1084 കോടി രൂപ) ജനറൽ ഇൻഷുറൻസ് കമ്പനിയാണ് ലിബർട്ടി ജനറൽ ഇൻഷുറൻസ്. നടപ്പ് വർഷം 800 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.