നേപ്പാൾ വിമാനദുരന്തം : 50 പേർ മരണമടഞ്ഞു

Posted on: March 12, 2018

കാഠ്മണ്ഡു : നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ യുഎസ് – ബംഗ്ല എയർലൈൻസ് വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച് 50 പേർ മരണമടഞ്ഞു. ബംഗ്ലാദേശ് തലസ്ഥാനമായ ഡാക്കയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതികത്തകരാറാണ് അപകട കാരണമെന്ന് സംശയിക്കുന്നു. 67 യാത്രക്കാരും നാല് വിമാനജോലിക്കാരും ഉൾപ്പടെ 71 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 21 പേരെ കാഠ്മണ്ഡു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി നേപ്പാൾ ആർമി വെളിപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

നാല് യാത്രക്കാരും മൂന്ന് വിമാനജോലിക്കാരും ഉൾപ്പടെ 7 നേപ്പാളി പൗരൻമാർ അപകടത്തിൽ മരണമടഞ്ഞതായി നേപ്പാൾ ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. നേപ്പാൾ സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളായിരുന്നു യാത്രക്കാരിലേറെയും. ബ്രിട്ടീഷ് പൗരൻമാർ വിമാനത്തിലുണ്ടായിരുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. ഇന്ത്യക്കാർ ഉള്ളതായി അറിവായിട്ടില്ല.

അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഥോറിട്ടി ഓഫ് നേപ്പാൾ സഞ്ജീവ് ഗൗതം പറഞ്ഞു. അപകടത്തെ തുടർന്ന് ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കി.

യുഎസ് – ബംഗ്ലാദേശി സംയുക്ത സംരംഭമായ യുഎസ് ബംഗ്ല എയർലൈൻസ് 2014 ജൂലൈയിലാണ് സർവീസ് ആരംഭിച്ചത്.