നേപ്പാൾ ഭൂചലനം മരണസംഖ്യ 65 ആയി

Posted on: May 13, 2015

Nepal-may-12-Earthquake-big

കാഠ്മണ്ഡു : ഇന്നലെ നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 65 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 2000 ത്തോളം പേർക്ക് പരിക്കേറ്റതായി നേപ്പാൾ നാഷണൽ എമർജൻസി ഓപറേഷൻ സെന്റർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.35 നാണ് റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ രണ്ടാമത്തെ വൻ ഭൂചലനം നേപ്പാളിനെയും ഇന്ത്യയെയും വിറപ്പിച്ചത്.

കാഠ്മണ്ഡുവിൽ നിന്ന് 83 കിലോമീറ്റർ അകലെ എവറസ്റ്റിന് സമീപം 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തുടർചലനങ്ങളിൽ ഒന്നിന് 6.3 തീവ്രതയുണ്ടായിരുന്നു. 17 തുടർചലനങ്ങളുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.

നേപ്പാളിലെ 75 ജില്ലകളിൽ 32 ലും ഭൂചലനം ബാധിച്ചു. ഇന്നലെത്തെ ദുരന്തം ദോലാഖ ജില്ലയിലാണ് ഏറ്റവും അധികം നാശം വിതച്ചത്. തുടർചലനങ്ങളുടെ ഭീതിയിൽ ജനങ്ങൾ ഇന്നലെ രാത്രി മൈതാനങ്ങളിലും തെരുവുകളിലുമാണ് കഴിച്ചുകൂട്ടിയത്.