ജൈവചെമ്മീൻ കയറ്റുമതി : എംപിഇഡിഎ-കോപ്പ് കോപ്പറേറ്റീവ് സ്വിറ്റ്‌സർലൻഡുമായി ധാരണയിൽ

Posted on: January 28, 2018

കൊച്ചി : കേരളത്തിലെ ഉൾനാടൻ മത്സ്യകൃഷിയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ധാരണാപത്രത്തിൽ എംപിഇഡിഎ-കോപ്പ് കോപ്പറേറ്റീവ് സ്വിറ്റ്‌സർലൻഡും ഒപ്പു വച്ചു. യൂറോപ്യൻ യൂണിയനിൽ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന് വർധിച്ചു വരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് സമുദ്രോത്പന്ന കയറ്റുമതി അഥോറിട്ടി (എംപിഇഡിഎ)യും കോപ്പ് കോപ്പറേറ്റീവ് സ്വിറ്റ്‌സർലൻഡും ധാരണാപത്രം ഒപ്പുവച്ചത്.

എംപിഇഡിഎയുടെ സാങ്കേതിക ഉപദേശത്തോടെ കേരളത്തിൽ ആയിരം ഹെക്ടറിൽ ജൈവ ചെമ്മീൻ കൃഷി നടത്താനാണ് പദ്ധതി. സ്വകാര്യമേഖലയിലെ കർഷകരെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ നടത്തിപ്പ്. ആഭ്യന്തര-അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ചെമ്മീൻ കൃഷി നടത്തുന്നത്. ഗോവയിലെ മഡ്ഗാവിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോയിൽ നടന്ന ചടങ്ങിൽ എംപിഇഡിഎ ചെയർമാൻ ഡോ. എ ജയതിലക് കോപ്പ് കോപ്പറേറ്റീവിന്റെ മാനേജ്മന്റ് അംഗം ജെറാർഡ് സുർൾലറ്റർ എന്നിവർ ധാരണാപത്രം ഒപ്പിട്ടു.

സ്വിറ്റ്‌സർലാൻഡിൽ 2200 ചില്ലറ വില്പനകേന്ദ്രങ്ങളും യൂറോപ്പിലെങ്ങും മൊത്തവ്യാപാര കേന്ദ്രങ്ങളും ഉത്പാദന കേന്ദ്രങ്ങളും കോപ്പിനുണ്ട്. 15 ശതമാനം വരെ അധികവില നൽകി ഇന്ത്യയിൽനിന്ന് ചെമ്മീൻ സംഭരിക്കാമെന്നാണ് കോപ്പിന്റെ വാഗ്ദാനം. ഇതിനു പുറമെ അഞ്ചു ശതമാനം കൂടി ജൈവ ചെമ്മീൻ കൃഷി വികസിപ്പിക്കുന്നതിനും പരിശീലനത്തിനും നൽകും.

വർധിച്ചു വരുന്ന കൃഷി ചെലവാണ് കർഷകരെ ജൈവ മത്സ്യകൃഷിയിൽ നിന്ന് പിന്നോട്ട് വലിയ്ക്കുന്നതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. എ ജയതിലക് ചൂണ്ടിക്കാട്ടി. സ്വിറ്റ്‌സർലൻഡിൽ നിന്നു ലഭിക്കുന്ന സഹായധനം ഈ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നും അദേഹം പറഞ്ഞു. വിദേശത്തുള്ള ഉപഭോക്താക്കളെ മുന്നിൽ കണ്ടു കൊണ്ട് കർഷകർ ഈ ധാരണപത്രത്തിന്റെ ഗുണഫലങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.

യൂറോപ്പിലെങ്ങും ജൈവ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വർധിച്ചു വരുന്ന ഡിമാൻഡ് ഇന്ത്യയിലെ കർഷകർ ഉപയോഗപ്പെടുത്തണം. കേരളത്തിലെ ആയിരം ഹെക്ടറിൽ നടക്കുന്ന കൃഷിയുടെ പരിണിത ഫലം അടിസ്ഥാനമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൈവ ചെമ്മീൻ കൃഷി നടപ്പാക്കാനാണ് എംപിഇഡിഎയുടെ പദ്ധതി. കൃഷിയിടം, മീനുകൾക്ക് നൽകുന്ന തീറ്റ എന്നിവയ്ക്ക് എംപിഇഡിഎയും കോപ്പും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും. തീറ്റ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്കും സർ്ട്ടിഫിക്കേഷൻ ബാധകമായിരിക്കും.

വിയറ്റ്‌നാമിനു ശേഷം ജൈവ മത്സ്യകൃഷിയിൽ സ്ഥാനം പിടിക്കാൻ കെൽപ്പുള്ള രാജ്യമാണിന്ത്യയെന്ന് കോപ്പിന്റെ മാനേജ്മന്റ് അംഗം ജെറാർഡ് സുർൾലറ്റർ പറഞ്ഞു. സമാനമായ പദ്ധതികളിൽ വിയറ്റ്‌നാമിന് ഏറെ വിജയകഥകൾ പറയാനുണ്ട്. സാധാരണ മത്സ്യകർഷകരേക്കാൾ വളരെ വലിയ വരുമാനമാണ് വിയറ്റ്‌നാമിലെ ജൈവമത്സ്യകർഷകർക്ക് ലഭിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് വെഞ്ചേഴ്‌സ്, ബേബി മറൈൻ ഇന്റർനാഷണൽ എന്നിവയാണ് ജൈവ ചെമ്മീൻ കൃഷിയിൽ എംപിഇഡിഎയുമായി സഹകരിക്കുന്നത്. എംപിഇഡിഎ സെക്രട്ടറി ബി ശ്രീകുമാർ, ബേബി മറൈൻ ഇന്റർനാഷണൽ സിഇഒ അലക്‌സ് നൈനാൻ എന്നിവരും ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഉൾനാടൻ ജലാശയങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളമെന്ന് അലക്‌സ് നൈനാൻ ചൂണ്ടിക്കാട്ടി. ജൈവ ചെമ്മീൻ കൃഷിയ്ക്ക് പറ്റിയ അന്തരീക്ഷമാണുള്ളത്. കൃഷി ആവശ്യത്തിന് പറ്റാത്ത ഭൂമിയും ജൈവമത്സ്യകൃഷിയ്ക്ക് ഉപയോഗിക്കാമെന്നുള്ളതും ഇതിന്റെ മേന്മയാണെന്ന് അദേഹം പറഞ്ഞു.