റിലയൻസിനെ ലോകത്തിലെ 20 മുൻനിര കമ്പനികളിലൊന്നാക്കുമെന്ന് മുകേഷ് അംബാനി

Posted on: December 25, 2017

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിനെ ലോകത്തെ 20 മുൻനിര കമ്പനികളിലൊന്നായി ഉയർത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. നവി മുംബൈയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ റിലയൻസ് കുടുംബദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

റിലയൻസ് ആദ്യ നാല് ദശകങ്ങളിലും വിവിധ വ്യവസായതലങ്ങളിൽ ആഗോളനേതൃനിരയിൽ എത്തിക്കഴിഞ്ഞിരുന്നു. രാജ്യത്തിന് താങ്ങാവുന്നതും ശുദ്ധവുമായ ഊർജവിതരണം, നൂതന ഉത്പന്നങ്ങളുടെ ആഗോള നിർമാണം, റിലയൻസിന്റെയും ജിയോയുടെയും മുഖ്യപങ്കാളിത്തത്തോടെ വിനോദ, സാമ്പത്തിക, വാണിജ്യ, കാർഷിക, ഉത്പാദന മേഖലകളിൽ രാജ്യത്തെ ആഗോള ശക്തികേന്ദ്രമാക്കുക എന്നിവയാണ് തന്റെ സ്വപ്‌നമെന്ന് അദേഹം വ്യക്തമാക്കി.

കുടുംബദിനാഘോഷത്തോടനുബന്ധിച്ച് റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ 85 ാം ജന്മദിനത്തിൽ പത്‌നി കോകിലബെൻ അംബാനി, മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തുടങ്ങിയവർ പ്രണാമം അർപ്പിച്ചു. ധീരുഭായ് അംബാനി എങ്ങനെയാണ് ജീവനക്കാർക്ക് മാതൃകയായതെന്ന് നിത അംബാനി വിവരിച്ചു. അംബാനി കുടുംബത്തിലെ മൂന്നാംതലമുറക്കാരായ ഇഷ, ആകാശ്, അനന്ത് എന്നിവരും ബോളിവുഡ് താരം ഷാരൂഖ് ഖാൻ, പിന്നണി ഗായകൻ സോനു നിഗം, താരങ്ങളായ വരുൺ ധവാൻ, ആലിയ ഭട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിലയൻസ് കോർപറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ 50,000 പേർ പങ്കെടുത്തു. രാജ്യത്തെമ്പാടുമുള്ള ജിയോ പോയിന്റുകൾ, റിലയൻസ് റീട്ടെയ്ൽ സ്‌റ്റോറുകൾ, ഉത്പാദനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ രണ്ട് ലക്ഷത്തോളം ജീവനക്കാരും കുടുംബാംഗങ്ങളും വീഡിയോ കോൺഫറൻസിലൂടെ ആഘോഷപരിപാടികളിൽ പങ്കെടുത്തു.