ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് 700 കോടി രൂപ മുതൽമുടക്കുന്നു

Posted on: August 2, 2017

വിശാഖപട്ടണം : പദ്മശ്രീ എം എ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിലെ 700 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. വിശാഖപട്ടണത്ത് മൂന്ന് വർഷത്തിനുള്ളിൽ രാജ്യാന്തര കൺവെൻഷൻ സെന്റർ, പഞ്ചനക്ഷത്ര ഹോട്ടൽ, ഷോപ്പിംഗ് മാൾ എന്നിവ നിർമ്മിക്കും. ഇതിനായി ഹാർബർ പാർക്കിൽ 9.65 ഏക്കർ സ്ഥലം സംസ്ഥാനസർക്കാർ ലുലു ഗ്രൂപ്പിന് അനുവദിച്ചു. പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ലുലു ഗ്രൂപ്പുമായി വൈകാതെ ധാരണപാത്രം ഒപ്പുവെയ്ക്കുമെന്ന് ആന്ധ്രപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ജെയിൻ പറഞ്ഞു.

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പദ്ധതി സംബന്ധിച്ച ധാരണയായതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എ. വി. ആനന്ദ് പറഞ്ഞു.