എയർ ഇന്ത്യയിൽ ഓഹരിപങ്കാളിത്തത്തിന് ഇൻഡിഗോ

Posted on: June 29, 2017

ന്യൂഡൽഹി : സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്ന എയർ ഇന്ത്യയിൽ ഓഹരിപങ്കാളിത്തം നേടാൻ ഇൻഡിഗോ ശ്രമം തുടങ്ങി. ഇന്ത്യൻ വ്യോമയാനരംഗത്ത് ഏറ്റവും കൂടുതൽ വിപണിപങ്കാളിത്തമുള്ള എയർലൈനായ ഇൻഡിഗോ, എയർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നതായി സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ. എൻ. ചൗബേ പറഞ്ഞു. എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ ഇന്നലെയാണ് കേന്ദ്ര കാബിനറ്റ് തത്വത്തിൽ അംഗീകാരം നൽകിയത്. നേരത്തെ ടാറ്റാ ഗ്രൂപ്പും എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

കടക്കെണിയിൽപ്പെട്ട എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കണമെന്ന നിലപാടിലാണ് നീതിആയോഗ്. പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് 118 വിമാനങ്ങളാണുള്ളത്. ന്യൂയോർക്ക്, ഷിക്കാഗോ, ലണ്ടൻ തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കണ്ണായ പാർക്കിംഗ് സ്ലോട്ടുകളുമുണ്ട്. എയർ ഇന്ത്യ നഷ്ടത്തിലാണെങ്കിലും സബ്‌സിഡയറികളായ എയർ ഇന്ത്യ എക്‌സ്പ്രസ്, എഐ ട്രാൻസ്‌പോർട്ട് സർവീസസ്, ഐസാറ്റ്‌സ് എന്നിവ ലാഭത്തിലാണ്.

TAGS: Air India | IndiGo |