സമുദ്രോത്പന്ന കയറ്റുമതിയിൽ റെക്കോർഡ് നേട്ടം

Posted on: July 3, 2015

Vannamei-shrimp-Big

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതിയിലുടെ കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യ നേടിയത് 551.11 കോടി ഡോളർ. സമുദ്രോത്പന്ന കയറ്റുമതിയുടെ അളവിലും വിദേശനാണ്യത്തിന്റെ മൂല്യത്തിലും റെക്കോർഡ് നേട്ടം കൈവരിച്ചതായി സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടി (എംപിഇഡിഎ) ചെയർപേഴ്‌സൺ ലീന നായർ പറഞ്ഞു.

33,441.61 കോടി രൂപ വിലമതിക്കുന്ന 10,51,243 ടൺ കയറ്റുമതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ ധനകാര്യവർഷത്തെ സമുദ്രോത്പന്ന കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ തൂക്കത്തിൽ 6.86 ശതമാനവും മൂല്യത്തിൽ 10.05 ശതമാനവും വർധനവുണ്ടായി. അടുത്ത ധനകാര്യ വർഷം 660 കോടി ഡോളർ വരുമാനമാണ് ലക്ഷ്യമിടുന്നത്.

വിദേശ കറൻസികളുടെ മൂല്യശോഷണം ചൈനയുടെ കിതപ്പ് എന്നിവയ്‌ക്കൊപ്പം തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിതരണ ശൃംഖലയുടെ പുരോഗതിയും സമുദ്രോത്പന്നങ്ങളിൽ പ്രധാനമായ ചെമ്മീനിന്റെ കയറ്റുമതിയെ സ്വാധീനിച്ചു. ശീതീകരിച്ച ചെമ്മീനിന്റെ കയറ്റുമതി വളർച്ച 18.60 ശതമാനവും ഇന്ത്യൻ രുപയിൽ മൂല്യവർധന 16 ശതമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ചെമ്മീൻ കയറ്റുമതി 3,57,505 ടണ്ണും മൂല്യം 3709.76 ദശലക്ഷം ഡോളറുമാണ്.

ശീതീകരിച്ച ചെമ്മീനിന്റെ പ്രധാന വിപണി അമേരിക്കയും (1,12,702 ടൺ), യൂറോപ്യൻ യൂണിയൻ (81,952 ടൺ), തെക്കുകിഴക്കൻ ഏഷ്യ (69,068 ടൺ), ജപ്പാൻ (30,434 ടൺ) എന്നിവയാണ്. കഴിഞ്ഞ ധനകാര്യവർഷത്തിൽ ചെമ്മീൻ കൃഷി 30.64 ശതമാനം വളർച്ച നേടുകയും 4,34,558 ടണ്ണായി ഉത്പാദനം വർധിക്കുകയുംചെയ്തു. ഇതിൽ 3,53,413 ടൺ ഉത്പാദനവുമായി വനാമി 41 ശതമാനം വളർച്ച നേടി. എന്നാൽ കാരചെമ്മീന്റെ ഉത്പാദനം 71,400 ടണ്ണായി കുറഞ്ഞു. ആറ്റുകൊഞ്ചിന്റെ ഉത്പാദനം 32 ശതമാനം വർധിച്ച് 7,989 ടണ്ണിലെത്തി.

സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എ. ജെ. തരകൻ, എംപിഇഡിഎ ഡയറക്ടർ എൻ. രമേശ്, സെക്രട്ടറി ബി. ശ്രീകുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.