മഹീന്ദ്ര കെയുവി 100 എൻഎക്‌സ്ടി കേരള വിപണിയിൽ

Posted on: October 13, 2017

 

മഹീന്ദ്ര കെയുവി 100 എൻഎക്‌സ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര സീനിയർ ജനറൽ മാനേജർ – സെയിൽസ് (സൗത്ത്) രാജേഷ് ഭാസിനും ഡെപ്യൂട്ടി ജനറൽ മാനേജർ – സെയിൽസ് (കേരളം) സുരേഷ്‌കുമാർ ഇ. എസ് എന്നിവർ ചേർന്ന് കൊച്ചിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര നവീകരിച്ച കെയുവി 100 എൻഎക്‌സ്ടി യെ കേരള വിപണിയിൽ അവതരിപ്പിച്ചു. നാൽപ്പത് പുതിയ ഫീച്ചറുകളും പരിഷ്‌കാരങ്ങളും കൂട്ടിച്ചേർത്താണ് കെയുവി 100 എൻഎക്‌സ്ടി യെ ഒരുക്കിയിരിക്കുന്നത്. മഹീന്ദ്ര എസ്‌യുവികളിലെ ഏറ്റവും ചെറിയ മോഡലായ കെയുവി 100 എൻഎക്‌സ്ടിയ്ക്ക് കെ 2, കെ2 പ്ലസ്, കെ 4 പ്ലസ്, കെ 6 പ്ലസ്, കെ 8 എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുള്ള ചെറു എസ് യു വിയ്ക്ക് അഞ്ച്, ആറ് സീറ്റ് ഓപ്ഷനുകളുണ്ട്. കൊച്ചി എക്‌സ്‌ഷോറൂം വില 4.48 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് 21 മാസങ്ങൾക്കകം പുതിയ കെയുവി 100 നെ പുറത്തിറക്കാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. ഇന്നത്തെ ഉപയോക്താക്കൾ അധികമൂല്യവും രൂപഭംഗിയും ആധുനിക സൗകര്യങ്ങളുമാണ് ആഗ്രഹിക്കുന്നത്. അവരെ തൃപ്തിപ്പെടുത്താൻ കെയുവി 100 എൻഎക്‌സ്ടിയ്ക്ക് കഴിയുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.

പുതിയ എസ് യു വി വിഭാഗത്തിനു തുടക്കമിട്ടാണ് 2016 ജനുവരിയിൽ കെയുവി 100 വിപണിയിലെത്തിയത്. കെയുവി 100 എൻഎക്‌സ്ടി അതിൽ തന്നെ പുതിയ ഉയരങ്ങൾ തേടുകയാണ്. എസ് യു വി രൂപത്തിനു മാറ്റുകൂട്ടും വിധം ഫ്രണ്ട് ഗ്രിൽ, ബമ്പറുകൾ എന്നിവ നവീകരിച്ചു. വീൽ ആർച്ച് ക്ലാഡിങ്ങും ഡോർ – സിൽ ക്ലാഡിങ്ങും എസ് യു വിയുടെ പൗരുഷഭാവം വർധിപ്പിക്കുന്നു.

പുതിയതാണ് 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയ ബാഹ്യ റിയർ വ്യൂ മിറർ ബട്ടൺ അമർത്തി ക്രമീകരിക്കാനാവും. ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാർക്കിങ്ങ് സെൻസറുകൾ, ബട്ടൺ അമർത്തി മടക്കാവുന്ന ബാഹ്യമിററുകൾ, ഇലക്ട്രോണിക് ടെംപറേച്ചർ കൺട്രോൾ പാനൽ എന്നിവ പുതിയ ഹൈ ടെക് സൗകര്യങ്ങളിൽപ്പെടുന്നു. കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ, പുതിയ ഫാബ്രിക്ക് അപ്‌ഹോൾസറ്ററി, നവീകരിച്ച സെന്റർ കൺസോൾ എന്നിവയും പ്രത്യേകതകളാണ്.

മോണോകോക്ക് ബോഡിയുള്ള കെയുവി 100 എൻഎക്‌സ്ടിയുടെ അടിസ്ഥാനവകഭേദം ഒഴികെയുള്ളവയ്ക്ക് എബിഎസും രണ്ട് എയർബാഗുകളുമുണ്ട്. ഈ വിലനിലവാരത്തിൽ ലഭിക്കുന്ന ആറ് പേർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന ഏക മോഡലാണ് കെയുവി 100. പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങൾ കെയുവി 100 എൻഎക്‌സ്ടിയ്ക്കുണ്ട്.

1.2 ലിറ്റർ, എംപിഎഫ്‌ഐ, ഡ്യുവൽ വിവിടി, എം ഫാൽക്കൺ ജി 80 പെട്രോൾ എൻജിൻ 82 ബിഎച്ച്പി – 115 എൻഎം ആണ് ശേഷി. 1.2 ലിറ്റർ, ടർബോ ചാർജ്ജ്ഡ്, എം ഫാൽക്കൺ ഡി 75 ഡീസൽ എൻജിനിത് 77 ബിഎച്ച്പി – 190 എൻഎം. അഞ്ച്, ആറ് സീറ്റ് ഓപ്ഷനുകൾ കെയുവി 100 എൻഎക്‌സ്ടിയ്ക്കുണ്ട്. എല്ലാ യാത്രക്കാർക്കും ആവശ്യപോലെ ലെഗ് റൂമും ഹെഡ് റൂമൂം നൽകും വിധമാണ് ഇന്റീരിയറിന്റെ രൂപകൽപ്പന. കപ്പ് ഹോൾഡറുകളുള്ള ആം റെസ്റ്റുകൾ (മുന്നിലും പിന്നിലും), തണുപ്പിക്കൽ സൗകര്യമുള്ള ഗ്ലൗ ബോക്‌സ്, ഫ്‌ളോറിനടിയിലും സീറ്റിനടിയിലും സംഭരണസ്ഥലം എന്നിവയും നൽകുന്നു. 243 ലിറ്ററാണ് ഡിക്കി സ്‌പേസ്. പിന്നിലെ സീറ്റ് മടക്കിയാൽ 473 ലിറ്ററാകും.

ഓറഞ്ച്, ഫ്‌ളേമ്പോയന്റ് റെഡ്, പേൾ വൈറ്റ്, ഡാസ്‌ലിങ് സിൽവർ, ഡിസൈനർ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾ കൂടാതെ ഫ്‌ളേമ്പോയന്റ് റെഡ് + മെറ്റാലിക് ബ്ലാക്ക്, ഡാസ്‌ലിങ് സിൽവർ + മെറ്റാലിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ കെയുവി 100 എൻഎക്‌സ്ടി തെരഞ്ഞെടുക്കാം.