ഭാരത് ബെൻസ് വലിയ ട്രക്കുകളുടെ വിപണിയിലേക്ക്

Posted on: February 11, 2017

കൊച്ചി : ഭാരത് ബെൻസ് നടപ്പ് വർഷം 16 -49 ടണ്ണിനിടയിലുള്ള ഭാരം കയറ്റാവുന്ന ഹെവി-ഡ്യൂട്ടി ട്രക്കുകൾ വിപണിയിൽ അവതരിപ്പിക്കും. ഹെവി-ഡ്യൂട്ടി ട്രക്കുകളെ സംബന്ധിച്ചേടത്തോളം വലിയ പ്രതീക്ഷയാണുള്ളതെന്ന് ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് (ഡിഐസിവി) മാനേജിംഗ് ഡയറക്ടർ ഐറിക് നെസ്സൽഹോഫ് പറഞ്ഞു. മീഡിയം- ഡ്യൂട്ടി ട്രക്കുകളുടെ പുതിയ നിര കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയിരുന്നു. ഭാരത് ബെൻസിനും ഫുസോയ്ക്കും പുറമെ ഈ വർഷം മറ്റൊരു ട്രക്ക് ബ്രാന്റ് കൂടി ഡിഐസിവി അവതരിപ്പിക്കുമെന്ന് നെസ്സൽഹോഫ് പറഞ്ഞു.

ആഭ്യന്തര വിപണിയിലെ വിൽപന കുറഞ്ഞുവെങ്കിലും 2016-ൽ കയറ്റുമതിയിൽ മുൻ വർഷത്തേതിനേക്കാൾ രണ്ടിരട്ടി വളർച്ച കൈവരിച്ചതായി മിത്‌സുബിഷി ഫുസോ ട്രക്ക് ആൻഡ് ബസ് കോർപറേഷൻ മേധാവി മാർക് ലിസ്‌റ്റോ സെല്ല പറഞ്ഞു. ഇന്ത്യൻ ട്രക്ക് വിപണിയെ സംബന്ധിച്ചേടത്തോളം കഴിഞ്ഞ വർഷം വളരെ പ്രതികൂലമായിരുന്നു. എങ്കിലും 40,000 മത്തെ ഭാരത് ബെൻസ് ട്രക്ക് ഇടപാടുകാരന് കൈമാറാൻ കഴിഞ്ഞ വർഷം കമ്പനിക്ക് സാധിച്ചു. ഷോറൂമുകളുടെയും സർവീസ് സെന്ററുകളുടെയും എണ്ണം 130 ആയി വർധിച്ചു. 2013-ൽ കയറ്റുമതി ആരംഭിച്ച ശേഷം 30 കേന്ദ്രങ്ങളിലേക്കായി 7500 ട്രക്കുകൾ കയറ്റി അയക്കുകയുണ്ടായി.

വിപണിയിൽ നിന്ന് വെല്ലുവിളികളുണ്ടെങ്കിലും മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്നേറാൻ സാധിക്കുമെന്നാണ് ഡിഐസിവി കരുതുന്നതെന്ന് നെസ്സൽ ഹോഫ് പറഞ്ഞു. ബിഎസ് 4 നിലവാരത്തിലുള്ള ട്രക്കുകൾ ഒരു വർഷത്തിലേറെയായി ഡിഐസിവി വിൽപന നടത്തുന്നുണ്ട്. രാജ്യം ബിഎസ് 4 നിലവാരത്തിലേക്ക് മാറാൻ സജ്ജമാകുന്ന സാഹചര്യത്തിൽ ഇത് ഡിഐസിവിയ്ക്ക് ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് നെസ്സൽ ഹോഫ് പറഞ്ഞു.

TAGS: BharatBenz |