മെഴ്‌സിഡസ് ബെൻസിന്റെ ആഡംബര ബസ് കേരള വിപണിയിൽ

Posted on: April 27, 2016

Mercedes-Benz-SHD-2436-Laun

കൊച്ചി : മെഴ്‌സിഡസ് ബെൻസ് സൂപ്പർ ഹൈ ഡെക്ക് 2436 കേരള വിപണിയിലെത്തി. നെടുമ്പാശേരിയിലെ ഭാരത് ബെൻസ് ഷോറൂമായ ഓട്ടോബാൻ ട്രക്കിങ്ങിൽ നടന്ന ചടങ്ങിൽ ആദ്യ ഇടപാടുകാരനായ കണ്ണൂരിലെ ഗോൾഡൻ ട്രാവൽസ് ഉടമ ടിബി എൻ ഫറൂഖിന് ഡെയ്മ്‌ലർ ബസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മാർക്കസ് വില്ലിങ്കർ, ഓട്ടോബാൻ ട്രക്കിങ്ങ് ചെയർമാൻ ബാബു മൂപ്പൻ, മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഫർസാദ് എന്നിവർ ചേർന്ന് സൂപ്പർ ഹൈ ഡെക്ക് 2436-ന്റെ താക്കോൽ കൈമാറി.

സുരക്ഷിതവും സുഖകരവുമായ യാത്രക്കായി രൂപകൽപന ചെയ്യപ്പെട്ട മെഴ്‌സിഡസ് – ബെൻസ് സൂപ്പർ ഹൈ ഡെക്കിൽ പരമാവധി 61 പുഷ്ബാക്ക് സീറ്റുകളാണുള്ളത്. ലഗേജ് സൂക്ഷിക്കാൻ 14 ക്യൂബിക് മീറ്റർ സ്ഥലം ലഭ്യമാണ്. ബസിന്റെ ബോഡി ഉറപ്പ് കൂടിയതും ഭാരം കുറഞ്ഞതുമാണ്. ഏറ്റവും പുതിയ ഇബിഎസ്, ഇഎസ്പി ബ്രേക്കിങ് സംവിധാനമാണ് സൂപ്പർ ഹൈഡക്കിലേത്. കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിധത്തിലാണ് ഇന്ധന ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസിന്റെ ചെന്നൈ പ്ലാന്റിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡക്ക് 2436 സ്‌കൂളുകൾക്കും ദൂര യാത്രയ്ക്കും പ്രത്യേകം രൂപകൽപന ചെയ്യപ്പെട്ടവയാണ്. മുൻഭാഗത്ത് എൻജിനുള്ള ബസ്സുകളാണ് ഹ്രസ്വ യാത്രക്കായി സ്‌കൂളുകൾ, ഫാക്ടറികൾ എന്നിവയ്ക്ക് അനുയോജ്യമായിട്ടുള്ളത്. പിൻഭാഗത്ത് എൻജിനോടുകൂടിയ ബസ്സുകൾ ദീർഘദൂര യാത്രയ്ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.