ഭാരത് ബെൻസ് എക്‌സ്‌ചേഞ്ച് പദ്ധതി പ്രഖ്യാപിച്ചു

Posted on: August 20, 2020

ചെന്നൈ : ഉപയോഗിച്ച വാണിജ്യ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഭാരത് ബെൻസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് ഡെയ്ംലർ ഇന്ത്യ കമേഴ്സ്യൽ വെഹിക്കിൾസ് രൂപം നൽകി. മറ്റ് കമ്പനികളുടെ പഴയ വാണിജ്യ വാഹനങ്ങൾ നൽകി പകരം ഭാരത് ബെൻസിന്റെ ഉപയോഗിച്ചവയോ പുതിയതോ ആയ ട്രക്കുകൾ സ്വന്തമാക്കാവുന്നതാണ്. വിലയിലുള്ള വ്യത്യാസം ലഭ്യമാക്കിയാൽ മതി. ഭാരത് ബെൻസ് ഉടമകൾക്കാണെങ്കിൽ അവരുടെ പഴയ ട്രക്കുകൾ നൽകി ഉപയോഗിച്ച വേറെ മോഡൽ ഭാരത് ബെൻസ് ട്രാക്കുകളോ പുതിയവയോ കൊണ്ടുപോകാം.

അറ്റകുറ്റപ്പണികളെല്ലാം തീർത്ത് ഗുണനിലവാരം പൂർണമായും ഉറപ്പ് വരുത്തിയവയാവും ഭാരത് ബെൻസിന്റെ ഉപയോഗിച്ച ട്രക്കുകളെന്ന് ഡി ഐ സി വി മാനേജിംഗ് ഡയറക്റ്റർ സത്യകം ആര്യ പറഞ്ഞു. ഭാരത് ബെൻസ് ഉടമകളുടെ എണ്ണം വർധിച്ചുവരുന്നത് ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയിലേക്ക് കടക്കാൻ സാഹചര്യമൊരുക്കിയതായി അദ്ദേഹം വ്യക്തമാക്കി.

പഴയ വാഹനങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാൻ ഡി ഐ സി വി നടപടി സ്വീകരിച്ചുവരികയാണ്. www.bharatbenz.com ൽ ഏതൊക്കെ പഴയ വാഹനങ്ങൾ ലഭ്യമാണെന്ന വിവരങ്ങൾ അറിയാൻ കഴിയും. പഴയ വാഹനങ്ങളുടെ വിപണന രംഗത്തുള്ള വെബ്‌സൈറ്റുകളുമായി ധാരണയിലെത്താനും ശ്രമിക്കുന്നുണ്ട്.