കൊടുങ്ങല്ലൂരിൽ 24 മുതൽ ഹോട്ട് സ്പ്രിംഗ് സമ്മർഫെസ്റ്റ്

Posted on: April 22, 2015

Summer-Fest-2015-big

കൊച്ചി : ഹോട്ട് സ്പ്രിംഗ് ഈവന്റസ് ആൻഡ് കാറ്ററിംഗ് സംഘടിപ്പിക്കുന്ന ഹോട്ട് സ്പ്രിംഗ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 24 മുതൽ മെയ് 10 വരെ കൊടുങ്ങല്ലൂർ മുസിരിസ് അഴിക്കോട് മുനക്കൽ ബീച്ചിൽ നടക്കും. കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ ശീതീകരിച്ച വാണിജ്യ, വിജ്ഞാന, വിനോദ മേളയായിരിക്കും ഇതെന്ന് ഹോട്ട്‌സ്പ്രിംഗ് ഈവന്റസ് ആൻഡ് കാറ്ററിംഗ് ചെയർമാൻ സുൾഫിക്കർ പറഞ്ഞു. നൂറിൽ പരം ശീതീകരിച്ച വാണിജ്യ സ്റ്റാളുകളിൽ ഒപ്പോ മൊബൈൽസ്, ടിപ് ടോപ്, എം കെ ഗ്രൂപ്പ് തുടങ്ങി പ്രമുഖ ബ്രാൻഡ്കളുടെ സാന്നിധ്യമുണ്ടാകും. കൂടാതെ വിജ്ഞാനത്തിനും കൗതുകത്തിനുമായി ഫ്‌ലവർ ഷോ, അക്വാ പെറ്റ് ഷോ എന്നിവയുമുണ്ടാകും. മനോഹരമായ ഡാൻസിംഗ് വാട്ടർ ഫൗണ്ടനും ഇവിടെ ഒരുക്കുന്നുണ്ട്.

അപൂർവയിനം വർണ്ണ മത്സ്യങ്ങളുടെ ഒരു നിര തന്നെ പ്രദർശനത്തിന് എത്തുന്നുണ്ട്. കൗതുകം ജനിപ്പിക്കുന്ന നിരവധി വ്യത്യസ്ഥ മത്സ്യങ്ങളോടൊപ്പം കടലിലെ അപൂർവയിനം ജീവികളും അക്വാ ഷോയുടെ പ്രത്യേകതയാണ്. ദിവസേന കാണുന്ന കിളികളുടെയും നായകളുടെയും വിദേശ ബ്രീഡ്കളും പ്രദർശനത്തിനെത്തും. പുഷ്പങ്ങളുടെ മനോഹരമായ ശേഖരവും അലങ്കാരവും വേറിട്ട അനുഭവമാകും. കേരളത്തിനു അത്ര പരിചിതമല്ലാത്ത തരം പൂക്കളും ചെടികളും പുഷ്പാലങ്കാരങ്ങളും മേളയെ വ്യത്യസ്ഥമാക്കും.

മേളയിൽ ഒരുക്കുന്ന സെൽഫി ഫ്‌ളോറിൽ സന്ദർശകർക്ക് സെൽഫി എടുക്കാം. മികച്ച സെൽഫിക്ക് സമ്മാനവുമുണ്ട്. കൂടാതെ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിംഗ്, വാട്ടർ സ്‌കൂട്ടർ എന്നിവയും ദിവസേന നറുക്കെടുപ്പും കലാപരിപാടികളും ഉണ്ടാകും. പ്രശസ്ത സിനിമാ താരങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ 24 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് വി എസ് സുനിൽകുമാർ എം എൽ എ മേള ഉദ്ഘാടനം ചെയ്യും. ഏറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വേണു, കേരള കാറ്ററിംഗ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് കണ്ണൻ സ്വാമി, ഏറിയാട് ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ ഷെറീഫ് എന്നിവർ സംബന്ധിക്കും.

എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി 9.30 വരെ മേളയിൽ പ്രവേശനം ഉണ്ടാകും. മേളയോടനുബന്ധിച്ച് ഒരുക്കുന്ന ഫുഡ് കോർട്ടിൽ മലബാർ, തലശ്ശേരി, നാടൻ വിഭവങ്ങൾക്ക് പുറമേ ഉത്തരേന്ത്യൻ വിഭവങ്ങളും ഒരുക്കുന്നുണ്ട്.