കാരവന്‍ ടൂറിസത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ഭാരത് ബെന്‍സ്

Posted on: October 13, 2021

തിരുവനന്തപുരം : കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ ‘കാരവന്‍ കേരള’യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്‌ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി.

സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്.

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവന്‍ ടൂറിസമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാരവന്‍ മാതൃക വരുംദിവസങ്ങളില്‍ പുതിയ തരംഗമായി മാറും. കാരവന്‍ പാര്‍ക്കുകള്‍ ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ സാംസ്‌കാരിക കേന്ദ്രമായി മാറുന്നതിനൊപ്പം ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊഴിലവസരവും നല്‍കും. കാരവന്‍ ടൂറിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ വളരെ അനുകൂലമായാണ് ഗതാഗതമന്ത്രി പ്രതികരിച്ചത്. കാരവനുകളുടെ നികുതിയിളവ്, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത് പദ്ധതി നടത്തിപ്പില്‍ ഊര്‍ജ്ജമേകിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നുള്ള മെഗാ പദ്ധതിയായ കാരവന്‍ കേരള ടൂറിസം മേഖലയില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കും. ഇത് കാരവനുകളുടെ യാത്രയും പ്രവര്‍ത്തനവും തടസ്സരഹിതമാക്കും. അനാവശ്യ പരിശോധനകളില്‍ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ കെ.ജി. മോഹന്‍ലാല്‍, ഡയംലര്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂര്‍ത്തി, ഓട്ടോബാന്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അരുണ്‍ വി.കെ എന്നിവര്‍ സംബന്ധിച്ചു.

ഡയംലറിന്റെ 1017 പ്ലാറ്റ്‌ഫോമില്‍ ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണ് ഭാരത്‌ബെന്‍സിന്റെ കാരവനിലേത്. 170 ബിഎച്ച്പി(ബ്രേക്ക് ഹോഴ്‌സ് പവര്‍)യുടെ ശക്തമായ എഞ്ചിന്‍ യാത്രക്കാര്‍ക്ക് സുഖകരവും ആയാസരഹിതവുമായ യാത്ര ഉറപ്പാക്കുന്നു. കൂടാതെ മികച്ച ഇന്‍-ക്ലാസ് സസ്‌പെന്‍ഷന്‍, ആന്റി-റോള്‍ ബാര്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ട്യൂബ്ലെസ് ടയറുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി സജ്ജീകരിച്ച അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് കാരവനിലുള്ളത്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതോടൊപ്പം കാരവന്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്‌ഡോര്‍ സീറ്റിംഗ് ആണ് മറ്റൊരു ആകര്‍ഷണം.

പകര്‍ച്ചവ്യാധിക്ക് ശേഷം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് അവസരമൊരുക്കുന്ന സമഗ്ര കാരവന്‍ ടൂറിസം നയം കഴിഞ്ഞ മാസമാണ് കേരളം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിത്. വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷമാണ് സമഗ്രമാറ്റത്തിന് വഴിയൊരുക്കുന്ന കാരവന്‍ ടൂറിസം സ്വകാര്യമേഖല-പൊതുമേഖല പങ്കാളിത്തത്തോടെ സംസ്ഥാനം നടപ്പാക്കുന്നത്.

കാരവന്‍ പാര്‍ക്കുകളുടെ സുഗമമായ സജ്ജീകരണത്തിനും നടത്തിപ്പിനും വിവിധ സ്ഥാപനങ്ങളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി സംസ്ഥാനത്തുടനീളം പരിസ്ഥിതി സൗഹൃദ കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പങ്കാളികള്‍ക്കും അവസരം നല്‍കുന്നു.