ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ എയര്‍ഫോഴ്‌സ് മ്യൂസിയം ടൂറിസം മന്ത്രി നാടിന് സമര്‍പ്പിച്ചു

Posted on: October 12, 2021

തിരുവനന്തപുരം : ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച എയര്‍ഫോഴ്‌സ് മ്യൂസിയം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. വ്യോമസേനയെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എയര്‍ഫോഴ്‌സുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച 1.97 കോടി രൂപയുടെ ഫ്‌ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയം ഇന്ത്യന്‍ വ്യേമസേനയുടെ 89-ാമത് സ്ഥാപക ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്.

എയര്‍ഫോഴ്‌സ് മ്യൂസിയം ആക്കുളത്തിനും തിരുവനന്തപുരം ജില്ലയ്ക്കും മാത്രമല്ല, കേരള ടൂറിസത്തിനാകെ പ്രയോജനകരമാകുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ച് മനസ്സിലാക്കാന്‍ മ്യൂസിയം അവസരമൊരുക്കും. വിമാന മാതൃകയില്‍ രൂപകല്പന ചെയ്ത മ്യൂസിയവും ഫ്‌ളൈറ്റ് എന്‍ജിനും സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും.

അടുത്തിടെ പ്രഖ്യാപിച്ച കാരവന്‍ നയത്തിലൂടെ കേരള ടൂറിസം പുതിയ സാധ്യതകള്‍ തേടുകയാണ്. ഭക്ഷണം, ശുചീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിരവധി പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യാന്‍ കാരവന്‍ പദ്ധതിയിലൂടെ സാധിക്കും. തദ്ദേശീയ കലകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും പ്രാദേശിക കലാകാരാര്‍ക്ക് വരുമാനം നേടാനും കാരവന്‍ ടൂറിസം വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയത്തില്‍ രണ്ടു നിലകളാണുള്ളത്. വിമാനത്തിന്റെ കോക്പിറ്റ് മാതൃകയില്‍ സജ്ജീകരിച്ചിരിച്ചിട്ടുള്ള താഴത്തെ നിലയില്‍ സിമുലേറ്റര്‍, ടോയ്‌ലറ്റ് എന്നിവയാണുള്ളത്. മോട്ടിവേഷന്‍ കിയോസ്‌ക്, എയര്‍ഫോഴ്‌സിന്റെ ചരിത്രം, എയര്‍ഫോഴ്‌സിന്റെ യന്ത്രസാമഗ്രികളുടെയും മാതൃകകളുടെയും പ്രദര്‍ശനം എന്നിവയാണ് രണ്ടാമത്തെ നിലയിലുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ ലാന്റ് സ്‌കേപ്പിംഗ്, വിമാന മാതൃകയിലുള്ള ഘടന എന്നിവയ്ക്കായി 98 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ മ്യൂസിയത്തിന്റെ ഉള്‍വശവും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 99 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനൊപ്പം കേരളത്തിലെ യുവാക്കളെ വ്യോമസേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി മ്യൂസിയം സ്ഥാപിച്ചതിനു പിന്നിലുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സതേണ്‍ എയര്‍ കമാന്റ് എയര്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ.ചലപതി പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫ്‌ളൈറ്റ് സിമുലേറ്റര്‍ യഥാര്‍ഥ അനുഭവം നല്‍കാന്‍ പോന്നതാണ്. എയര്‍ഫോഴ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ആശയം 2018 ല്‍ അവതരിപ്പിക്കപ്പെടുകയും 2019 ല്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയും ചെയതു. പദ്ധതിയുടെ വേഗത്തിലുള്ള നിര്‍വ്വഹണത്തില്‍ ടൂറിസം വകുപ്പിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ആക്കുളത്തിന്റെയും വേളിയുടെയും സമഗ്രവികസനം തലസ്ഥാന നഗരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ആക്കുളം കായലിന്റെ പുനരുജ്ജീവന പദ്ധതിക്കായി 185.23 കോടി രൂപയുടെ ഭരണാനുമതി തത്വത്തില്‍ അംഗീകാരം നല്‍കുകയും ഓന്നാംഘട്ടമായി 64.13 കോടി രൂപ കിഫ്ബി അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി 96 കോടി രൂപ കൂടി ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്കുളം ടൂറിസം വില്ലേജിനെ സംസ്ഥാത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായാണ് ടൂറിസം വകുപ്പ് കണക്കാക്കുന്നതെന്നും ഇതിന്റെ വികസനം ഏറെ പ്രധാനപ്പെട്ടതാണെന്നും ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. തലസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളിലൊന്നാണ് എയര്‍ഫോഴ്‌സ് മ്യൂസിയമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയിലെ എല്ലാ സംരംഭങ്ങള്‍ക്കും കോര്‍പ്പറേഷന്‍ പിന്തുണ നല്‍കുമെന്നും തലസ്ഥാനത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പുതിയ സൗകര്യം ഫലപ്രദമായി പരിപാലിക്കേണ്ടതുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

സതേണ്‍ എയര്‍ കമാന്റ് എയര്‍ വൈസ് മാര്‍ഷല്‍ ഡി.വി. വാണി, സതേണ്‍ എയര്‍ കമാന്റ് എയര്‍ വൈസ് മാര്‍ഷല്‍ ബി.എന്‍. കുമാര്‍, സതേണ്‍ എയര്‍ കമാന്റ് എയര്‍ കമ്മഡോര്‍ ജെ.ജയചന്ദ്രന്‍, കൗണ്‍സിലര്‍ എസ്.സുരേഷ് കുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമാണ് എയര്‍ഫോഴ്‌സ് മ്യൂസിയം. മ്യൂസിക്കല്‍ ഫൗണ്ടന്‍, കൃത്രിമ വെള്ളച്ചാട്ടത്തിന്റെ നവീകരണം, കോഫിഷോപ്പ്, സൈക്കിള്‍ ട്രാക്ക്, നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, കായിക ഉപകരണങ്ങള്‍ എന്നിവയടങ്ങിയുന്ന പദ്ധതിക്ക് 9.34 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.