കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക്-ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി ഗ്രാമീണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തും : മന്ത്രി

Posted on: September 15, 2021

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കാര്‍ഷിക സമൂഹത്തിന് വരുമാനലഭ്യത ഉറപ്പാക്കാനായുള്ള കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് പദ്ധതിക്കും ഫാം ടൂറിസം പരിശീലനങ്ങള്‍ക്കും തുടക്കമായി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

ടൂറിസം മേഖലയെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം പദ്ധതികള്‍ ജനങ്ങളുടെ പദ്ധതിയാക്കി മാറ്റാനും അതിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ദൈനംദിന ജീവിതം പുരോഗതിയിലേക്കു കൊണ്ടുപോകാന്‍ ടൂറിസം മേഖല വഴി സാധിക്കുമെന്ന തോന്നല്‍ സാധാരണക്കാരില്‍ ഉണ്ടാകും.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം അടക്കമുള്ള സവിശേഷതകള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് ഫാം ടൂറിസം പരിപാടിക്ക് തുടക്കമിടുന്നത്. വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് നേതൃത്വം നല്‍കും. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമീണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പും കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് -ഫാം ടൂറിസം പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും പുതിയ തലമുറയ്ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം പരിചയപ്പെടാനും പഠിക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഗ്രി ടൂറിസം നെറ്റ്വര്‍ക്ക്-ഫാം ടൂറിസം പരിപാടിയിലൂടെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 30,000 പേര്‍ക്ക് തൊഴിലും വരുമാനവും നല്‍കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പദ്ധതി അവതരിപ്പിച്ചു. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, മിഷന്‍ കോര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ടൂറിസം മേഖലയിലെ പ്രമുഖരും പരിശീലനാര്‍ഥികളും ഓണ്‍ലൈനായി പങ്കെടുത്തു.

അനുഭവവേദ്യ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലാണ് ഭാവി എന്ന യുഎന്‍ഡബ്ല്യുടിഒയുടെ പ്രഖ്യാപനത്തിന് അനുസൃതമായാണ് കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്കിന്റെ ആസൂത്രണം. 2023 മാര്‍ച്ച് 31നു മുന്‍പ് 500 ഫാം ടൂറിസം യൂണിറ്റുകളും വീട്ടുവളപ്പിലെ 5000 സംയോജിത കൃഷി യൂണിറ്റുകളും നെറ്റ് വര്‍ക്കിന്റെ ഭാഗമായി സജ്ജമാക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. എന്നാല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിഘാതവും സൃഷ്ടിക്കാത്ത പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമാക്കുന്നത്.

ഇതിലേക്കായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പരിശീലന പരിപാടിയിലേക്ക് 680 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റുകളായി അംഗീകരിക്കപ്പെടുന്ന കൃഷിയിടങ്ങളെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജുകളില്‍ ഉള്‍പ്പെടുത്തും. കുമരകം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ നടക്കുന്നത് പോലെ ഈ കാര്‍ഷിക യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളെ ടൂറിസം സംരഭങ്ങളുമായി ബന്ധിപ്പിച്ചു വിപണനം ഉറപ്പാക്കും. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ വിപണന പ്ലാറ്റ് ഫോം രൂപപ്പെടുത്തും. മൊബൈല്‍ ആപ്പ് സജ്ജമാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പ്രാദേശിക തലത്തില്‍ വിപണന മേളകളും മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.