ദി ഗ്രേറ്റ് സ്‌കോട്ട്‌ലൻഡ് യാർഡ് മികച്ച ഹെറിറ്റേജ് ഹോട്ടലുകളുടെ ഫോബ്‌സ് പട്ടികയിൽ

Posted on: December 8, 2020

ദുബായ് : അമേരിക്ക കേന്ദ്രമായ ഫോബ്സ് മാഗസിന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളുടെ മികച്ച ഹോട്ടല്‍ പട്ടിക പ്രഖ്യാപിച്ചു. യുവ വ്യവസായി ലുലു എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഉള്‍പ്പെടെ ലോകത്തിലെ മികച്ച ചരിത്രപ്രാധാന്യമുള്ള ഹോട്ടലുകളുടെ വാര്‍ഷിക പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

അദീബ് അഹമ്മദിന്റെ ഉടമസ്ഥതയില്‍ ലണ്ടനിലുള്ള ദി ഗ്രേറ്റ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് ഹോട്ടല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ഹെറിറ്റേജ് ഹോട്ടലാണിത്. ഈ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരന്‍കൂടിയാണ് അദീബ് അഹമ്മദ്. അബുദാബി ആസ്ഥാനമായ നിക്ഷേപ കമ്പനി ട്വന്റി 14 ഹോള്‍ഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഹയാത്ത് ഗ്രൂപ്പാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

152 മുറികളുള്ള ആഡംബര പൈതൃക ഹോട്ടല്‍ 2019-ലാണ് 200 വര്‍ഷത്തിനിടെ ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നത്. 150 മില്യന്‍ ഡോളര്‍ (ഏകദേശം 1100 കോടിരൂപ) ചെലവിട്ടായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍.

ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദ് അല്‍ ഫായിദിന്റെ ഉടമസ്ഥതയിലുള്ള റിറ്റ്സ് പാരീസാണ് ലോകത്തിലെ ഏറ്റവും മികച്ച പൈതൃക ഹോട്ടലുകളില്‍ ഒന്നാംസ്ഥാനത്ത്.