സിംഗപ്പൂരില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന രാജ്യങ്ങളില്‍ മൂന്നാമത് ഇന്ത്യ

Posted on: February 29, 2020

കൊച്ചി : തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പത്തുലക്ഷത്തിലേറെ ഇന്ത്യന്‍ സഞ്ചാരികള്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് സിംഗപ്പൂര്‍. 2019ല്‍ 1.42 രണ്ട് ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ നിന്നും സിംഗപ്പൂര്‍ എത്തിയത്. ചൈന, ഇന്തോനേഷ്യ എന്നിവയ്ക്ക് പുറകിലായി ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ സിംഗപ്പൂരില്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്.

മുംബൈ, ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സിംഗപ്പൂരില്‍ എത്തുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ്, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സഞ്ചാരികള്‍ സിംഗപ്പൂരില്‍ എത്തുന്നുണ്ട്. ആഗോളതലത്തില്‍ വിനോദസഞ്ചാര മേഖല പ്രതിസന്ധി നേരിടുമ്പോഴും കഴിഞ്ഞവര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 3.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 19.1 ദശലക്ഷം സഞ്ചാരികള്‍ കഴിഞ്ഞവര്‍ഷം സിംഗപ്പൂരിലെത്തി.

ഈ വര്‍ഷം ഇന്ത്യയില്‍ സിംഗപ്പൂര്‍ ടൂറിസത്തിലെ വിപുലമായ പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പാഷന്‍ മെയ്ഡ് പോസിബിള്‍ എന്ന ബ്രാന്‍ഡില്‍ ആണ് പ്രചാരണ പരിപാടി ഒരുക്കുന്നത്. കുടുംബങ്ങള്‍, ഉദ്യോഗസ്ഥര്‍, ക്രൂയിസ് സഞ്ചാരികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടി. ദക്ഷിണേന്ത്യയില്‍ പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായകരായ എസ് പി ബാലസുബ്രഹ്മണ്യം കെ ജെ യേശുദാസ് എന്നിവരെ അണിനിരത്തിയുള്ള സംഗീതപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.