ലോകത്തിലെ ഏറ്റവും മികച്ച ട്രന്‍ഡിംഗ് വിനോദ സഞ്ചാര കേന്ദ്രമായി കൊച്ചി

Posted on: February 27, 2020

കൊച്ചി: പ്രമുഖ ട്രാവല്‍ സൈറ്റായ ട്രിപ്അഡൈ്വസര്‍ 2020 ലെ ട്രാവലേഴ്സ് ചോയ്സ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചു. ട്രന്‍ഡിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കൊച്ചിയാണ്. ട്രെന്‍ഡിംഗ്,എമര്‍ജിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ്് അവാര്‍ഡിന് അര്‍ഹമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. എമര്‍ജിംഗ് ലക്ഷ്യസ്ഥാനങ്ങളില്‍ ആഗ്ര 25ാം സ്ഥാനത്തെത്തി.യാത്രക്കാര്‍ ഇഷ്ടപ്പെടുന്നതും കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതും തലേ വര്‍ഷത്തെ അപേക്ഷിച്ച് അവലോകനങ്ങളിലും റേറ്റിംഗുകളിലും മുന്നിട്ടു നില്‍ക്കുന്ന വിനോദ യാത്രാ കേന്ദ്രങ്ങള്‍ക്കാണ് ട്രെന്‍ഡിംഗ് അവാര്‍ഡ് നല്‍കുന്നത്. അടുത്തതായി ഉയര്‍ന്നു വരാന്‍ പോകുന്നതും ഇപ്പോഴും മുന്‍നിരയില്‍ തന്നെ തുടരുന്നതുമായ ലക്ഷ്യസ്ഥാനങ്ങളാണ് എമര്‍ജിംഗ് അവാര്‍ഡ് വിഭാഗത്തില്‍ വരുന്നത്്. റഷ്യയിലെ കലിനിന്‍ഗ്രാഡാണ് എമര്‍ജിംഗ് അവാര്‍ഡിന്റെ ആദ്യ സ്ഥാനത്തെത്തിയത്.

‘ട്രിപ്അഡൈ്വസറിലൂടെ ലോക ഒന്നാം നമ്പര്‍ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനായി നമ്മുടെ കൊച്ചിയെ തിരഞ്ഞെടുത്തത് കേരള ടൂറിസത്തിന്റെ അഭിമാന നിമിഷമാണെന്നു കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മികച്ച ടൂറിസം മാര്‍ക്കറ്റിംഗും സര്‍ക്കാരിന്റെ പ്രമോഷന്‍ തന്ത്രത്തിനും വിനോദസഞ്ചാര വ്യവസായ പങ്കാളികള്‍ക്കും ലഭിച്ച ബഹുമതിയാണിത്.ഈ നേട്ടം കൊച്ചിയെയും കേരളത്തെയും വിനോദസഞ്ചാര മേഖലയില്‍ മികച്ച ഉയരങ്ങളിലേക്ക് കുതിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” ലോകഭൂപടത്തില്‍ ഇന്ത്യന്‍ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ അവയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നത് അതിശയകരമായ കാര്യമാണ്, ഈ നേട്ടം യാത്രക്കാരില്‍ നിന്നുള്ള പ്രതികരണത്തെയും വളരുന്ന താല്പര്യത്തെയും അടിസ്ഥാനമാക്കിയാണെന്ന കാര്യം പരിഗണിക്കുമ്പോള്‍, അത് കൂടുതല്‍ ശ്രദ്ധേയമായ ഒന്നായി മാറുന്നു. തങ്ങളുടെ യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുമ്പോള്‍ എല്ലാവരും വിഭിന്ന കോണുകളില്‍ നിന്ന് പ്രചോദനം തേടാറുണ്ട്, അത്തരം സ്ഥാനങ്ങള്‍ നേരത്തെ സന്ദര്‍ശിച്ച നിങ്ങളെപ്പോലെയുള്ളവരുടെ പ്രേരണയും മാര്‍ഗ്ഗനിര്‍ദ്ദേശവും അനുസരിച്ചാകുമ്പോള്‍ മികച്ച ട്രിപ്പുകളായി പലപ്പോഴും മാറുകയും ചെയ്യും. ട്രാവലേഴ്സ് ചോയ്സ് ഡെസ്റ്റിനേഷന്‍സ് ലിസ്റ്റ് ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ വളരെ ആകര്‍ഷകമായ ചില സ്ഥലങ്ങളിലേക്ക് തങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്ക് ദൃഢവിശ്വാസമുണ്ട്,” ട്രിപ്അഡൈ്വസര്‍ ഇന്ത്യ മേഖല മാനേജര്‍ നിഖില്‍ ഗഞ്ജു പറഞ്ഞു.

ഇന്ത്യന്‍ തുറമുഖ നഗരമായ കൊച്ചി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രിപ്അഡൈ്വസറില്‍ മുന്‍നിര പ്രത്യവലോകനങ്ങളിലും റേറ്റിംഗുകളിലും സഞ്ചാരികളുടെ താല്പരത്തിലും ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവിലൂടെയാണ് ഏവരും കാണാനാഗ്രഹിക്കുന്ന നഗരം എന്ന സ്ഥാനം കൈവരിച്ചത്. തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തുള്ള കുറെ ചെറുഗ്രാമങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇന്നത്തെ കൊച്ചിക്ക് രൂപം നല്‍കിയിരിക്കുന്നത്.

സൂര്യാസ്തമയ വേളയിലെ നടത്തം, സമുദ്രതീരത്തെ കച്ചവടക്കാരില്‍ നിന്നുള്ള പിടയ്ക്കുന്ന മത്സ്യങ്ങളുടെ രുചിയറിയല്‍, ദ്വീപുകള്‍ക്കിടയിലൂടെയുള്ള ബോട്ട് സവാരി എന്നിവയെല്ലാം തീരത്തുനിന്ന് അകലെയുള്ള ആകര്‍ഷണങ്ങളുടെ ഭാഗമാണ്. ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ പരമ്പരാഗതമായി രാഷ്ട്രത്തിന്റെ വന്‍ നഗരങ്ങളിലേക്കുള്ള ട്രിപ്പുകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്, എന്നാല്‍ കൊച്ചി നഗരത്തെപ്പറ്റി അറിയാവുന്നവര്‍ അവിടേക്ക് എത്താന്‍ താല്പര്യം കാണിക്കുകയാണ് കഫേകള്‍, ആര്‍ട്ട് സെന്ററുകള്‍, പോര്‍ച്ചുഗീസുകാര്‍ പണിത പള്ളികളും കോട്ടകളും ഉള്‍പ്പെടെയുള്ള വിസ്മയിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥാനങ്ങള്‍ എന്നിവ തിങ്ങിനിറഞ്ഞതാണ് കൊച്ചി.

TAGS: Trip Advisor |