മലയാണ്മയുടെ തനത് ഉത്സവം 22 മുതല്‍

Posted on: February 21, 2020

 

തിരുവനന്തപുരം: പുതുതലമുറയ്ക്കും വിനോദസഞ്ചാരികള്‍ക്കും നാടിന്റ സാംസ്‌കാരിക മഹിമയും ദൃശ്യവിരുന്നും അനുഭവ വേദ്യമാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് തനത് കലകളുടെ പകര്‍ന്നാട്ടമായ ‘ഉത്സവം’ ഫെബ്രുവരി 22 മുതല്‍ 28 വരെ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.

ഫോക്ലോര്‍ അക്കാദമിയുടേയും 14 ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുടേയും സഹകരണത്തോടെയാണ് നാടന്‍കലകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പ് ഉത്സവത്തിന്റെ പന്ത്രണ്ടാം പതിപ്പ് ഒരുക്കുന്നത്. സംസ്ഥാനത്തെ 28 കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടികളില്‍ അയ്യായിരത്തോളം കലാകാരന്‍മാരാണ് പൈതൃക സംസ്‌കാരത്തിന്റെ ഈടുവയ്പ്പുകളായ പാരമ്പര്യ, അനുഷ്ഠാന. നാടോടി കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്.

‘ഉത്സവ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം മടവൂര്‍പാറയില്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പളളി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ശ്രീ കെ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത നടന്‍ ശ്രീ നെടുമുടി വേണു മുഖ്യാതിഥിയായിരിക്കും.

ശ്രീ ശശി തരൂര്‍ എംപി, കെടിഡിസി ചെയര്‍മാന്‍ ശ്രീ എം.വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.കെ മധു, ജില്ലാ കളക്ടര്‍ ശ്രീ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ്, ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ ഐഎഎസ് തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.

പ്രശസ്ത നാടന്‍ കലാപ്രതിഭകളായ ശ്രീ മണ്ണൂര്‍ ചന്ദ്രന്‍ (പൊറാട്ടുകളി), ശ്രീ പരപ്പില്‍ കറുമ്പന്‍ (കാക്കരശ്ശി നാടകം), ശ്രീമതി അംബുജാക്ഷി (പുള്ളുവന്‍പാട്ട്), സിസ്റ്റര്‍. ഇമ്മാനുവേല്‍ പ്രകാശ് (മാര്‍ഗംകളി), ശ്രീ തമ്പിപയ്യപ്പള്ളി (ചവിട്ടുനാടകം), ശ്രീ പി കുഞ്ഞിരാമപ്പെരുവണ്ണന്‍ (തെയ്യം), ശ്രീ നാസര്‍ കാപ്പാട് (മാപ്പിളകല), ശ്രീ അരുവി അറുമുഖന്‍ (പാലിയ നൃത്തം), ശ്രീമതി രാജമ്മ മുള്ളാങ്കുഴി (പരുന്ത്കളി), ശ്രീമതി ശ്രീദേവി ശ്രീകുമാര്‍ (നാടന്‍പാട്ട്) എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ സി ജെ കുട്ടപ്പന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ശ്രീ പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ സമിതിയാണ് ആദരിക്കപ്പെടേണ്ട കലാപ്രതിഭകളേയും പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാരേയും തിരഞ്ഞെടുത്തത്.

കേരളത്തിന്റെ സമ്പന്നമായ തനതു കലകളെ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഉത്സവം ഊന്നല്‍ നല്‍കുന്നുണ്ട്. 150 ഇനം കലാരൂപങ്ങളാണ് 350-ലധികം പരിപാടികളിലായി സംസ്ഥാനത്തുടനീളം അവതരിപ്പിക്കപ്പെടുന്നത്.