മുസിരിസ് ബാക് വാട്ടർ പാഡ്ഡിൽ ജനുവരി 4, 5 തീയതികളിൽ

Posted on: December 24, 2019

കൊച്ചി : കേരളാ ടൂറിസത്തിൻറെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയും, ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സും ചേർന്ന് മുസിരിസ് ബാക് വാട്ടർ പാഡ്ഡിൽ ജനുവരി 4, 5 തീയതികളിൽ സംഘടിപ്പിക്കും കൊടുങ്ങല്ലൂർ കൊട്ടൂർ പുരം ജെട്ടിയിൽ നിന്നും ആരംഭിച്ച് കൊച്ചി ബോൾഗാട്ടിയിൽ അവസാനിക്കുന്ന 40 കിലോമീറ്റർ ദൂരം രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും.

100 ൽ അധികം പേർ പങ്കെടുക്കുന്ന യാത്രയിൽ പ്രധാനപ്പെട്ട മുസിരിസ്‌കേന്ദ്രങ്ങൾ സന്ദർശിക്കും. നിരവധി വിനോദ പരിപാടികളും, പ്രാദേശിക ജനസമൂഹവുമായി ചേർന്നുള്ള ഇടപഴകലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂർ സ്പൈസസ് റൂട്ടിന്റെ പ്രധാന കേന്ദ്രമായിരുന്നു. 3000 വർഷങ്ങൾക്ക് മുൻപ് നില നിന്നിരുന്ന സാംസ്‌കാരിക പൈതൃകത്തിൻറ്റെ കാഴ്ചകൾ കാണാനുള്ള അവസരവും യാത്രികർക്ക് ഉണ്ട്.

കയാക്കിംങ്, സപ്പിംങ്, സെയിലിംഗ്, കനോയംഗ് തുടങ്ങിയ വാട്ടർ സ്‌പോർട്‌സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗശിക് കൊടുതൊടി പറഞ്ഞു.  പ്രാദേശിക, അന്തർദേശീയ വിനോദ സഞ്ചാരികൾ, ഏതുപ്രായത്തിലുമുള്ള വാട്ടർ സ്‌പോർട്‌സ് പ്രേമികൾ, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ തുടങ്ങി നീന്തലറിയാൻപാടില്ലാത്തവർക്കും പങ്ക് ചേരാം. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കുമെന്നും കൗശിക് അറിയിച്ചു. പങ്കെടുക്കുന്നവർക്ക് പ്രത്യക പരിശീലനം നൽകും. നമ്മുടെ ജല വിതാനങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും, പ്ലാസ്റ്റിക് വേസ്റ്റുകൾക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. രജിസ്‌ട്രേഷനു വേണ്ടി www.jellyfishwatersports.com എന്ന വെബ്‌സൈറ്റ് സദർശിക്കുക.