കേരളം ടൂറിസം മേഖലയിലെ ഏറ്റവും മികച്ച സംസ്ഥാനം

Posted on: December 24, 2019

തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനങ്ങളെ കണ്ടുപിടിക്കാനുള്ള സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് (എസ്ഒഎസ്) പഠനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു. പരിസ്ഥിതി, ശുചിത്വം എന്നീ മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. ഇവയുൾപ്പെടെ 12 വികസന സൂചികകൾ കേന്ദ്രീകരിച്ച് ഇന്ത്യ ടുഡെ ആണ് പഠനം നടത്തിയത്.

ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണം, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ടൂറിസം പ്രോത്സാഹന പ്രവർത്തനങ്ങൾ, ജനസംഖ്യാനുപാതികമായുള്ള വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷനുകളും രജിസ്റ്റർ ചെയ്ത ഹോട്ടലുകളും, കുറ്റകൃത്യങ്ങൾ എന്നിവയടക്കമാണ് പഠനവിധേയമാക്കിയിരുന്നത്. പ്രളയവും നിപ്പ രോഗബാധയും തുടർച്ചയായ രണ്ടു വർഷം കേരളത്തിൽ ടൂറിസം മേഖലയെ ബാധിച്ചെങ്കിലും 2018-19 ൽ തലേവർഷത്തെ അപേക്ഷിച്ച് ടൂറിസത്തിൽനിന്നുള്ള വരുമാനം 2874 കോടി രൂപ വർധിച്ച് 36,528 കോടിയിലെത്തിയിരുന്നു.

സംസ്ഥാനത്തിൻറെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നതാണ് ടൂറിസം മേഖലയെന്നതിന് വിശ്വസനീയമായ തെളിവാണ് ഈ പഠനമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 2018 ൽ നടന്ന ഇതേ പഠനത്തിൽ കേരളം മൂന്നാംസ്ഥാനത്തായിരുന്നു. ഈ മുന്നേറ്റം കേരളത്തിലെ ടൂറിസം വ്യവസായം ശക്തമായി മാറിയിരിക്കുകയാണെന്നതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

10.9 ലക്ഷം വിദേശികളടക്കം 2018-ൽ 167 ലക്ഷം വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 158 ലക്ഷം പേരാണ് തലേവർഷം സംസ്ഥാനം സന്ദർശിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി നൂതനമായ പരിപാടികളാണ് കേരള ടൂറിസം നടത്തിയതെന്ന് സംസ്ഥാന ടൂറിസം വകുപ്പു സെക്രട്ടറി റാണി ജോർജ് പറഞ്ഞു.

പുതിയ പഠനം കേരളത്തിൻറെ ടൂറിസം ആകർഷകത്വത്തിന് ഏറെ സഹായകരമാകുമെന്നും സഞ്ചാരികളെ ആകർഷിക്കുന്നതിന് കരുത്തു നൽകുമെന്നും കേരള ടൂറിസം ഡയറക്ടർ പി. ബാല കിരൺ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പകുതിയിൽ 14.81 ശതമാനം വളർച്ചയോടെ കേരള ടൂറിസം വിനോദസഞ്ചാര മേഖലയിൽ മുന്നേറിയപ്പോൾ പ്രളയ പൂർവസ്ഥിതിയിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ദൃശ്യമായത്. കഴിഞ്ഞ വർഷം കേരളത്തിലെത്തിയ 41.5 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ അപേക്ഷിച്ച് 15.05 വളർച്ച കൈവരിച്ച് ഇത്തവണ അവരുടെ എണ്ണം 47.7 ലക്ഷത്തിലെത്തിയിരുന്നു.

TAGS: KeralaTourism |