കേരള ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് 2018′ പ്രകാശനം ചെയ്തു

Posted on: December 13, 2019

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ 2018 കലണ്ടര്‍ വര്‍ഷത്തെ പൂര്‍ണമായ ിതിവിവരക്കണക്കുകള്‍ അടങ്ങിയ ‘കേരള ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് 2018’ സഹകരണ, ദേവസ്വം, ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.

വിനോദസഞ്ചാര മേഖലയിലെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നിലവിലെ സ്ഥിതിയും പുരോഗതിയും അവലോകനം ചെയ്യുന്നതിനും ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനും വിനോദസഞ്ചാര രംഗത്തെ ബന്ധപ്പെട്ട സംഘടനകള്‍ക്കും സംരംഭകര്‍ക്കും ഗവേഷകര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

2018 കലണ്ടര്‍ വര്‍ഷത്തില്‍ ഓരോ ജില്ലയിലും എത്തിയ വിദേശ വിനോദസഞ്ചാരികളുടെ രാജ്യം തിരിച്ചുള്ള കണക്കുകള്‍, ആഭ്യന്തര വിനോദസഞ്ചാരികളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകള്‍, ഓരോ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലും താമസിച്ച വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എന്നിവയ്ക്കു പുറമേ ഓരോ കലണ്ടര്‍ വര്‍ഷവും ടൂറിസം മേഖലയില്‍ ലഭിക്കുന്ന വിദേശനാണ്യ വരുമാനത്തിന്റേയും മൊത്തവരുമാനത്തിന്റേയും ജില്ല തിരിച്ചുള്ള കണക്കുകളും ഇതില്‍ ലഭ്യമാണ്.

ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ് ഐഎഎസ്, ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ്, അഡീഷണല്‍ ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ്, അഡീഷണല്‍ സെക്രട്ടറി  ബി.എസ്. പ്രകാശ്, റിസര്‍ച്ച് ഓഫീസര്‍ സി.ജി. രാജേഷ് എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.