പ്ലാസ്റ്റിക് – മാലിന്യ വിമുക്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി കര്‍മ്മപദ്ധതി

Posted on: July 26, 2019


തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്തവും മാലിന്യരഹിതവുമായ ടൂറിസം കേന്ദ്രങ്ങള്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിക്കുള്ള കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു.

പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ചു ഉത്തരവാദിത്ത ടൂറിസം മിഷന്‍, കേരള ട്രാവല്‍ മാര്‍ട്ടിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയിലാണ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ നിര്‍വ്വഹണ ചുമതലയും ഉത്തരവാദിത്ത ടൂറിസം മിഷനാണ്.

ഡിസംബര്‍ 31ന് മുന്‍പ് രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉത്തരവാദിത്ത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും വിവിധ ഹോട്ടലുകളേയും റിസോര്‍ട്ടുകളേയും ഹൗസ്‌ബോട്ടുകളേയും സെപ്റ്റംബര്‍ മുപ്പതോടെ പ്ലാസ്റ്റിക് മുക്തമായി പ്രഖ്യാപിക്കണമെന്നും കര്‍മ്മ പദ്ധതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പദ്ധതി കോവളം, മൂന്നാര്‍, ആലപ്പുഴ, കുമരകം, വയനാട്, ഫോര്‍ട്ട് കൊച്ചി, കൊല്ലം, തേക്കടി, ബേക്കല്‍ എന്നീ ഒന്‍പത് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 21 കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത ഈ കേന്ദ്രങ്ങളെ പാരിസ്ഥിതിക ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ഗ്രീന്‍ സര്‍ട്ടിഫിക്കേഷനിലേക്ക് എത്തിക്കും.

ഇതിന്റെ മുന്നോടിയെന്ന നിലയില്‍ തെരഞ്ഞെടുത്ത ഒന്‍പത് കേന്ദ്രങ്ങള്‍ക്കായി തുണിസഞ്ചി വിതരണം ചെയ്തു. കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരത്തിന് തുണിസഞ്ചി നല്‍കിക്കൊണ്ട് ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് ശ്രീ എന്‍ ജഗജീവന്‍ വിതരണം ഉദ്ഘാടനം ചെയ്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ കേന്ദ്രങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷനായുള്ള കരട് മാനദണ്ഡവും ക്ലീന്‍ കേരള ഇന്‍ഷ്യേറ്റീവിന്റെ രൂപരേഖയും അവതരിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍, ജൈവ കൃഷി പ്രോത്സാഹിപ്പിക്കല്‍, ഹരിത പെരുമാറ്റച്ചട്ടം എന്നിവ ഉള്‍പ്പെടുത്തി കെടിഎമ്മിന്റെ ഒന്‍പതിന കാര്യപരിപാടി കെടിഎം മാനേജിംഗ് ട്രസ്റ്റി എബ്രഹാം ജോര്‍ജ് അവതരിപ്പിച്ചു. മാലിന്യ നിര്‍മാര്‍ജനവും ഉത്തരവാദിത്ത ടൂറിസവും എന്ന വിഷയത്തില്‍ ശ്രീ എന്‍ ജഗജീവന്‍ പ്രബന്ധം അവതരിപ്പിച്ചു.

ടൂറിസം അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ശ്രീ ജയകുമാര്‍, ടൂറിസം ഉപദേശക സമിതി അംഗം ശ്രീ രവി ശങ്കര്‍ കെവി, കെടിഎം ട്രഷറര്‍ ശ്രീ ജോസ് മാത്യു എന്നിവരും പങ്കെടുത്തു. ഉത്തരവാദിത്ത വിനോദസഞ്ചാരമിഷന്‍ കോഡിനേറ്റര്‍മാരും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലൂകളുടെ സെക്രട്ടറിമാരും, ടൂറിസം സംരംഭകരും, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ ഭാഗഭാക്കായി.

TAGS: Clean Kerala |