ടൂറിസം വകുപ്പ് കിറ്റ്സില്‍ ഗൈഡ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നു

Posted on: February 26, 2019

തിരുവനന്തപുരം : വിനോദസഞ്ചാരികള്‍ക്ക് ഭാഷാ പ്രാവീണ്യത്തോടെ വിവരങ്ങള്‍ നല്‍കാന്‍ കഴിവുള്ള ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാന്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി (കിറ്റ്‌സ്) ചേര്‍ന്ന് ഗൈഡ് ട്രെയിനിംഗ് പദ്ധതി സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ 10 മണിക്ക് കിറ്റ്സിലെ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്ററില്‍ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

എംഎല്‍എ വി.എസ് ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് സ്വാഗതവും ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐഎഎസ് ആശംസയും കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍ നന്ദിയും പറയും.

150 പ്രാദേശികതല ഗൈഡുകള്‍ക്കും 50 സംസ്ഥാനതല ഗൈഡുകള്‍ക്കുമാണ് പരിശീലനം പൂര്‍ത്തീകരിച്ച് ലൈസന്‍സ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാര മേഖലയില്‍ ആതിഥേയ പരിചരണത്തില്‍ ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നത് കണക്കിലെടുത്താണ് ഇവരുടെ ഭാഷാ പ്രാവീണ്യവും മറ്റും മെച്ചപ്പെടുത്തുന്നതിന് കിറ്റ്സില്‍ പരിശീലന പദ്ധതി ആരംഭിക്കുന്നത്.