ടച്ച് ദ പിക്കിൾ

Posted on: August 31, 2014

Parineeti-Chopra-SP-big

ബോളിവുഡ് താരം പരിനീതി ചോപ്രയുടെ നേതൃത്വത്തിലുള്ള പുതിയ പ്രസ്ഥാനമാണ് ടച്ച് ദ പിക്കിൾ. സംഗതി നാവിൽ രുചിയൂറുന്ന അച്ചാർ ബിസിനസ് ഒന്നുമല്ല. മാനസിക സംഘർഷങ്ങൾ ഒഴിവാക്കി, സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പെൺകുട്ടികളെ ശാക്തീകരിക്കുകയാണ് ടച്ച് ദ പിക്കിളിന്റെ ലക്ഷ്യം. എല്ലാവർക്കും ശുചിമുറികൾ ഉറപ്പാക്കുന്ന സ്വച്ഛ ഭാരത് അഭിയാൻ പദ്ധതി പ്രധാനമന്ത്രി ദേശീയതലത്തിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടച്ച് ദ പിക്കിളിന്റെ ആവശ്യകത വർധിക്കുകയാണെന്നും പരിനീതി ചോപ്ര പറഞ്ഞു.

പ്രമുഖ സാനിറ്ററി നാപ്കിൻ ബ്രാൻഡായ വിസ്പറിന്റെ പിന്തുണയോടെ ആർത്തവ പ്രശ്‌നങ്ങളെപ്പറ്റി ടച്ച് ദ പിക്കിൾ രാജ്യത്തെ 15 ദശലക്ഷം പെൺകുട്ടികൾക്കിടയിൽ ബോധവത്കരണം നടത്തും. പെൺകുട്ടികളുടെ സ്വപ്‌നങ്ങൾക്കു വിലക്കിടരുതെന്നാണ് പരിനീതി ചോപ്രയുടെ അഭിപ്രായം. കുതിച്ചുചാട്ടമാണ് ഈ കാലഘട്ടത്തിൽ വേണ്ടത്, അതിനുള്ള പരിശ്രമമമാണ് വിസ്പറിന്റെ പിന്തുണയോടെ ടച്ച് ദ പിക്കിൾ നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Touch-the-Pickle-big

ഇന്ത്യയിലെ നഗരങ്ങളിലെയും, അർധ നഗരങ്ങളിലെയും സ്ത്രീകളുടെ പീരിയഡ് സ്വഭാവങ്ങളെപ്പറ്റി ഇപ്‌സോസ് എന്ന സ്വതന്ത്ര ഏജൻസിയും വിസ്പറും സമഗ്രമായ ഒരു പഠനം നടത്തുകയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ 86 ശതമാനം സ്ത്രീകളും പീരിയഡ് അവസ്ഥകളെപ്പറ്റി തുറന്നു സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് വിസ്പർ, പരിനീതി ചോപ്രയുടെ നേതൃത്വത്തിൽ ടച്ച് ദ പിക്കിളിന് രൂപം നൽകിയത്.

ഇന്ത്യയുടെ പ്രഥമ പ്രഫഷണൽ സർഫർ ഇഷിത മാളവിയ, എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇരട്ട സഹോദരിമാരായ താഷി, നംഗ്ഷി മാലിക്ക്, ഇന്ദിരഗാന്ധി നാഷണൽ അവാർഡ് ജേതാവും കൊമേഴ്‌സ്യൽ പൈലറ്റുമായ ക്യാപ്റ്റൻ പ്രീതി സിംഗ് തുടങ്ങിയവർ ടച്ച് ദ പിക്കിൾ മൂവ്‌മെന്റിന്റെ ഭാഗമാണ്.