ഗൂഗിൾ ഗ്ലാസ് സർജറി

Posted on: August 23, 2014

Google-Glass-FB

ആരോഗ്യരംഗത്തു ഗൂഗിൾ ഗ്ലാസിന് എന്തുകാര്യം. സംശയത്തോടെ നെറ്റി ചുളിക്കാൻ വരട്ടെ. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച്, ശസ്ത്രക്രിയാ ദൃശ്യങ്ങൾ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ തത്സമയം പ്രേക്ഷകരുമായി പങ്കുവച്ചു. ഡോ. ആസാദ് മൂപ്പന്റെ ആസ്റ്റർ മെഡ്‌സിറ്റി ഓർത്തോ വിഭാഗമാണ് ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ദൃശ്യങ്ങൾ തത്സമയം കൈമാറിയത്. ഡോ. എ.വി ഗുരവ റെഡ്ഡിയുടെ നേതൃത്വത്തിൽ നടത്തിയ റിവിഷൻ ടോട്ടൽ നീ റീപ്ലേസ്‌മെന്റ് സർജറി ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച് രാജ്യത്തു നടക്കുന്ന ആദ്യ ശസ്ത്രക്രിയകളിൽ ഒന്നാണ്.

Google-Glasses-How-Do-They-

ദൃശ്യങ്ങൾ സ്മാർട്ട്‌ഫോൺ പോലുള്ള ഉപകരണങ്ങളിലൂടെ നൽകാനും ആവശ്യമായ ആശയവിനിമയങ്ങൾ നടത്താനും ഗൂഗിൾ ഗ്ലാസ് വഴി സാധിക്കും. ശസ്ത്രക്രിയാ നടപടികൾ നേരിൽ കാണാനും മനസിലാക്കാനും രോഗിയുടെ സമ്മതപ്രകാരം ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്ധർ സന്ദർശകർക്കു അവസരം നൽകി. ശസ്ത്രക്രിയയ്ക്കിടെ നിർണായക കാര്യങ്ങളിൽ ആശയവിനിമയം നടത്താനും മറ്റും ഗൂഗിൾ ഗ്ലാസ് ഇപ്പോൾ ആഗോളതലത്തിൽ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

ശസ്ത്രക്രിയകൾ വഴി മാറ്റിവച്ച കാൽമുട്ടുകൾ 85-90 ശതമാനം രോഗികളിലും ചുരുങ്ങിയത് 15-20 വർഷങ്ങളോളം നിലനിൽക്കും. എന്നിരുന്നാലും ചിലരുടെ കാര്യത്തിൽ പിന്നീട് ചില പ്രയാസങ്ങളുണ്ടാവും. ഇത് മറ്റൊരു ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. ഇപ്പോൾ ആസ്റ്ററിൽ ചെയ്തത് അത്തരത്തിലൊരു റിവിഷൻ ടോട്ടൽ നീ റീപ്ലേസ്‌മെന്റ് സർജറിയാണ്. കൃത്രിമ അവയവം ഉപയോഗിച്ചാണ് ഈ തത്സമയ ശസ്ത്രക്രിയ ആസ്റ്റർ മെഡ്‌സിറ്റിയിൽ നിർവഹിച്ചത് – ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. വിജയമോഹൻ പറഞ്ഞു.

ശസ്ത്രക്രിയാപൂർവ ആസൂത്രണം, മികവുറ്റ ഉപകരണങ്ങൾ, ദൈർഘ്യമേറിയ ശസ്ത്രക്രിയാ സമയം, പ്രയാസമേറിയ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം തുടങ്ങിയവ ആവശ്യമുള്ളതാണ് റിവിഷൻ ടോട്ടൽ ശസ്ത്രക്രിയ. ഇത്തരം സംവിധാനങ്ങളും വിദഗ്ധരായ ഡോക്‌ടേഴ്‌സും  ആസ്റ്റർ മെഡ്‌സിറ്റിയിലുണ്ട്. ആശുപത്രിയിലെ എല്ലാ ഓപ്പറേഷൻ തീയേറ്ററുകളിലും തത്സമയ ദൃശ്യ-വിവര കൈമാറ്റങ്ങൾക്കുള്ള സംവിധാനങ്ങളുണ്ട്.

Google-Surgry-B

പ്രാഥമിക, രണ്ടാംഘട്ട ശസ്ത്രക്രിയകൾ നേരിൽക്കണ്ട് മനസിലാക്കുന്നതിന് ബോൺ മോഡൽ ശില്പശാലയും ആസ്റ്ററിൽ സംഘടിപ്പിച്ചു. ആസ്റ്റർ ഓർത്തോപീഡിക്‌സിലെ ക്ലിനിക്കൽ ഓർത്തോപീഡിക്‌സ് റിസർച്ച് ആൻഡ് എക്‌സലൻസ് വിഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്.