റീട്ടെയ്ൽ വിപ്ലവവുമായി എന്റെ കട

Posted on: January 4, 2016

 

Sabukumar-Ente-Kada-Big

റീട്ടെയ്ൽ വ്യാപാരരംഗത്ത് പുതിയ അധ്യായം എഴുതിച്ചേർക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള എന്റെ കട. ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ദൗത്യമാണ് എന്റെ കടയിലൂടെ സിസിൽ റീട്ടെയ്ൽ മാനേജ്‌മെന്റ് ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെമ്പാടുമായി 1000 എന്റെ കട സൂപ്പർമാർക്കറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് സിസിൽ മാനേജിംഗ് ഡയറക്ടർ സാബുകുമാർ എസ്. പറഞ്ഞു.

അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഗുണനിലവാരവും ആരോഗ്യവും ഉറപ്പുവരുത്തുന്ന ഉത്പന്നങ്ങളായിരിക്കും എന്റെ കടയിലൂടെ ലഭ്യമാക്കുന്നത്. കേരളത്തിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ എന്റെ കട വേദിയൊരുക്കും. ഓരോ എന്റെ കടയിലും കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ശ്രീ ഷെൽഫുകൾ ഉണ്ടാകും.

ഒരു പഞ്ചായത്തിൽ ഒരു സൂപ്പർമാർക്കറ്റ് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എന്റെ കട ആരംഭിക്കുന്നത്. നൂറോളം എന്റെ കടകൾ ഇതിനകം തുറന്നു. ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് 500, 1000, 15,00 ചതുരശ്രയടി വിസ്തീർണങ്ങളിൽ മൂന്ന് ഫോർമാറ്റുകളിലാണ് എന്റെ കട ആരംഭിക്കുന്നത്. കടയുടെ വലുപ്പമനുസരിച്ച് സംരംഭകന് ഏഴ് ലക്ഷം രൂപ മുതൽമുടക്ക് വേണ്ടി വരും. ഷോപ്പിന്റെ അഡ്വാൻസ്, അടിസ്ഥാനസൗകര്യങ്ങൾ, ട്രേഡ് അഡ്വാൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയ ചെലവുകളാണ് സംരംഭകൻ നേരിടേണ്ടത്.

സൂപ്പർമാർക്കറ്റിന് ആവശ്യമായ എല്ലാ സാധനങ്ങളും സിസിൽ റീട്ടെയ്ൽ വിതരണം ചെയ്യും. മൊത്തം വിറ്റുവരവിന്റെ 5 ശതമാനം സംരംഭകന് ഫ്രാഞ്ചൈസി നടത്തിപ്പു തുകയായി ലഭിക്കും. കടയുടെ വാടക, ആറോളം സ്റ്റാഫിന്റെ ശമ്പളം, ഇലക്ട്രിസിറ്റി ചാർജ്, ലോഡിംഗ് ആൻഡ് അൺലോഡിംഗ് തുടങ്ങിയ ചെലവുകളെല്ലാം കമ്പനി നേരിട്ടുവഹിക്കുമെന്ന് സാബുകുമാർ പറഞ്ഞു. സിവിൽ എൻജിനീയറായി കരിയർ ആരംഭിച്ച സാബുകുമാർ എഫ്എംസിജി മേഖലയിൽ തനിക്കുള്ള 16 വർഷത്തെ അനുഭവസമ്പത്തുമായാണ് സിസിലിന് രൂപം നൽകിയത്.

എന്റെ കട തുടങ്ങാൻ ആദ്യഘട്ടത്തിൽ 3,000 ലേറെ സംരംഭകരുടെ അപേക്ഷകളാണ് സിസിൽ റീട്ടെയ്‌ലിന് ലഭിച്ചത്. ഇതിൽ നിന്ന് അനുയോജ്യരായ സംരംഭകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത്, സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കടകൾ അനുവദിക്കുന്നത്. സിസിലിന്റെ ടോൾഫ്രീ നമ്പരായ 1800 1024 915 ൽ ബന്ധപ്പെട്ടാൽ സംരംഭകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കും. www.cissil.com എന്ന വെബ്‌സൈറ്റ് വഴിയും എന്റെ കടയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

Ente-Kada-Poster-Bigകേരളത്തിൽ നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് ഒപ്പം മൾട്ടിനാഷണൽ കമ്പനികളുടെ ഉത്പന്നങ്ങളും എന്റെ കടയിൽ ഉണ്ടാകും. പരിസ്ഥി സൗഹൃദ ഉത്പന്നങ്ങൾക്കാണ് എന്റെ കട മുൻഗണന നൽകുന്നത്. പഴങ്ങളും പച്ചക്കറികളും ആദ്യഘട്ടത്തിൽ ഇല്ല. 10,000 ൽപ്പരം ചെറുകിട ഉത്പാദകരുടെയും 50,000 ൽ അധികം വിതരണക്കാരുടെയും പിന്തുണയോടെയാണ് സിസിൽ (കൺസേൺ ഓഫ് ഇന്ത്യൻ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ്) പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 6,000 പേർക്ക് നേരിട്ടും 30,000 പേർക്കും അല്ലാതെയും തൊഴിലവസരം നൽകാൻ എന്റെ കടയ്ക്ക് കഴിയുമെന്ന് സാബുകുമാർ ചൂണ്ടിക്കാട്ടി.

സെൻട്രൽ പർച്ചേസിംഗ് സംവിധാനമാണ് എന്റെ കട പിന്തുടരുന്നത്. കേരളത്തിലെ എല്ലാ എന്റെ കടകളിലും ഒരു ഉത്പന്നത്തിന് ഒരു വിലയെന്ന ഏകീകൃത വില സമ്പ്രദായം നടപ്പാക്കാൻ ഇതു സഹായിക്കും. കൂടാതെ ഓരോ പഞ്ചായത്തിലും 800 ഡിസ്‌ക്കൗണ്ട് കാർഡുകൾ വിതരണം ചെയ്യും. കാർഡ് ഉടമകൾക്ക് 17 ഇനം നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യും.

വിവരസാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ചെലവുചുരുക്കാനും ചരക്കുനീക്കം വേഗത്തിലാക്കാനും സിസിൽ റീട്ടെയ്ൽ ഊന്നൽ നൽകുന്നു. കോർപ്പറേറ്റ് ഓഫീസിലെ കൺട്രോൾ റൂം, സംസ്ഥാനത്ത് എമ്പാടുമുള്ള കടകളിലെ വില്പന നിരീക്ഷിക്കുകയും ഉത്പന്നങ്ങൾ തീരുന്ന മുറയ്ക്ക് സ്റ്റോക്ക് ഏർപ്പാടാക്കുകയും ചെയ്യും. എന്റെ കടയിൽ വിൽക്കപ്പെടുന്ന ഉത്പന്നങ്ങൾ കൊച്ചിയിലെ സ്റ്റെർലിംഗ് ലാബിൽ ഗുണമേന്മ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ഇതിനു ശേഷമാണ് 28 വെയർഹൗസുകളിലായി സംഭരിക്കപ്പെടുന്നത്.

നിത്യോപയോഗ സാധനങ്ങൾക്കു പുറമെ ഇംഗ്ലീഷ് മരുന്നുകളും തെരഞ്ഞടുത്ത എന്റെ കടകൾ വഴി ലഭ്യമാക്കും. പ്രധാൻമന്ത്രി ജൻ ഔഷധി യോജനയിലൂടെ 100 എന്റെ കടകളിൽ ജനറിക് ഔഷധങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണ് സിസിൽ റീട്ടെയ്ൽ. ഇതു സംബന്ധിച്ച് ജൻ ഔഷധിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 400 ൽപ്പരം ജനറിക് മരുന്നകളാണ് ജൻ ഔഷധി കൗണ്ടറുകളിൽ അവതരിപ്പിക്കുന്നതെന്ന് സാബുകുമാർ പറഞ്ഞു.

ENTE-KADA-Thadiyoor-Bigഗുണനിലവാരമില്ലാത്തതും മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമായ ഒരു ഉത്പന്നവും എന്റെ കടയിൽ ഉണ്ടാവില്ലെന്ന് സിസിൽ മാനേജിംഗ് ഡയറക്ടർ സാബുകുമാർ അടിവരയിട്ട് പറയുന്നു. ഗുഡ് ഫോർ ദി പീപ്പിൾ, ഗുഡ് ഫോർ ദി കൺട്രി എന്നതാണ് സിസിലിന്റെ ബിസിനസ് മിഷൻ. മെന്റർ, പോളിസി സിൻഡിക്കേറ്റ്, അഡൈ്വസറി ബോർഡ് തുടങ്ങി വിപുലമായ നയരൂപീകരണ-ഉപദേശക സംവിധാനങ്ങളും സിസിൽ റീട്ടെയ്‌ലിന്റെ വളർച്ചയ്ക്ക് പിന്നിലുണ്ട്.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ. പി. ആർ. കൃഷ്ണകുമാർ ആണ് മെന്റർ. ജസ്റ്റീസ് ഡി. ശ്രീദേവി, കെടിഡിസി ചെയർമാൻ വിജയൻ തോമസ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങിയവരാണ് പോളിസി സിൻഡിക്കേറ്റിലുള്ളത്. സാബുകുമാറിന് ഒപ്പം എം. മനോജ്കുമാർ, ബി. സഹർഷ്, കെ. കിഷോർകുമാർ, വി. അശോക് കുമാർ എന്നിവരടങ്ങിയ ഡയറക്ടർ ബോർഡ് ആണ് എന്റെ കടയെ വിജയത്തിലേക്ക് നയിക്കുന്നത്.

ലിപ്‌സൺ ഫിലിപ്പ്