മുത്തൂറ്റ് ക്യാപിറ്റലിന് അറ്റാദായത്തിൽ നാലു ശതമാനം വർധന

Posted on: February 3, 2015

Muthoot-Capital-CS

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് 2014 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ നാലു ശതമാനം വർധനയോടെ 5.34 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 5.14 കോടി രൂപയായിരുന്നു അറ്റാദായം. മൊത്തവരുമാനം 17 ശതമാനം വർധനയോടെ 40.42 കോടി രൂപയിൽ നിന്നു 47.29 കോടി രൂപയായി.

ഇക്കാലയളവിൽ പലിശ ചെലവ് 19 ശതമാനം വർധിച്ച് 15.63 കോടിയിൽ നിന്നു 18.65 കോടിയിലെത്തി. കമ്പനിയുടെ ആകെ ചെലവ് 20 ശതമാനം വർധിച്ച് 32.62 കോടി രൂപയിൽ നിന്നു 39.17 കോടി രൂപയായി. നികുതിക്കു മുമ്പുള്ള ലാഭം 7.80 കോടി രൂപയിൽ നിന്നു 8.12 കോടി രൂപയായും ഉയർന്നു.

നടപ്പുവർഷത്തെ ആദ്യത്തെ ഒമ്പതുമാസക്കാലത്ത് കമ്പനിയുടെ ആകെ വരുമാനം 23 ശതമാനം വളർച്ച രേഖപ്പെടുത്തി 139.31 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ ഇത് 113.26 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ പലിശ ചെലവ് 35 ശതമാനം വർധിച്ച് 42.47 കോടി രൂപയിൽ നിന്നു 57.15 കോടി രൂപയിലെത്തി.

ഗ്രാമീണ-അർധനഗര പ്രദേശങ്ങളിലുള്ള ആവശ്യക്കാർക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി തുടരുകയാണെന്നു മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റും സിഇഒ ആർ. മനോമോഹനനും പറഞ്ഞു.