മലയാളി സ്റ്റാര്‍ട്ടപ്പ് കോലോയില്‍ 30 കോടിയുടെ മൂലധനം

Posted on: May 11, 2022

കൊച്ചി : ഭവനനിര്‍മാണവും വീടുകളുടെ മോടികൂട്ടലും എളുപ്പമാക്കുന്ന സാമൂഹിക മാധ്യമ സ്റ്റാര്‍ട്ടപ്പായ ‘കോലോ’ (koloapp.in) 40 ലക്ഷം ഡോളറിന്റെ മൂലധന ഫണ്ടിംഗ്് നേടി. അതായത്, ഏതാണ്ട് 30 കോടി രൂപ.

‘സീരീസ് എ റൗണ്ടി’ലുള്ള നിക്ഷേപത്തിന് ആഗോള വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ആര്‍.ടി.പി. ഗ്ലോബല്‍ നേതൃത്വം നല്‍കി. നിലവിലെ നിക്ഷേപകരായ ബെറ്റര്‍ കാപ്പിറ്റലും പങ്കാളികളായി.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി ജെറി അല്‍ത്താഫും സുഹൃത്തുക്കളായ പ്രണവ് ഗാര്‍ഗ്, ആയുഷ് ശര്‍ദ, വിവേക് മിത്തല്‍ എന്നിവരും ചേര്‍ന്ന് 2020-ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് കോലോ. ഇന്‍ഡൊനീഷ്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ഗോജെക്കില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇവര്‍.

വീടുനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ടുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, തടിപ്പണിക്കാര്‍, മേസ്തിരിമാര്‍, പെയിന്റര്‍മാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവരെ വീട് നിര്‍മിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്നവരുമായി ബന്ധിപ്പിക്കുന്ന കണ്ടന്റ് കമ്യൂണിറ്റി പ്ലാറ്റ്ഫോമാണ് കോലോ. ‘വീടുനിര്‍മാണ മേഖലയിലെ ഫെയ്സ്ബുക്ക്/ഇന്‍സ്റ്റഗ്രാം’ എന്ന് ഇതിനെ വിശേഷിപ്പിക്കാം. കിടപ്പുമുറി, ലിവിംഗ്-ഡൈനിംഗ് മുറി, അടുക്കള, കുളിമുറി, ഫര്‍ണിച്ചര്‍, സ്റ്റെയര്‍, പ്രാര്‍ഥനാമുറി എന്നിവയുടെയൊക്കെ ഡിസൈനുകള്‍ വീഡിയോകളായോ ചിത്രങ്ങളായോ പങ്കുവെയ്ക്കാനും അതിന്റെ നിര്‍മാതാക്കളുമായി ബന്ധപ്പെടാനും ആപ്പില്‍ സൗകര്യമുണ്ട്.

കേരളം, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 10 ലക്ഷത്തോളം പേരാണ് നിലവില്‍ കോലോ ആപ്പ് ഉപയോഗിക്കുന്നത്. വരിക്കാരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ത്താനും പ്ലാറ്റ്ഫോമില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാക്കാനുമാകും പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് ‘കോലോ’ സ്ഥാപകന്‍ ജെറി അല്‍ത്താഫ് പറഞ്ഞു.

TAGS: KOLO |