യു എസിൽ നിന്ന് മലയാളി സ്റ്റാർട്ടപ്പിൽ എയ്ഞ്ചൽ ഇൻവെസ്റ്റ്‌മെന്റ്

Posted on: September 22, 2020


കൊച്ചി : കൊച്ചി ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പ് സ്‌കൈ ഈസ് ലിമിറ്റ് വികസിപ്പിച്ചെടുത്ത വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ ഫോക്കസില്‍ വിദേശ നിക്ഷേപം. യുഎസില്‍ നിന്നുള്ള  ഹെല്‍ത്ത് കെയര്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചല്‍ നിക്ഷേപമായി 2 ദശലക്ഷം യുഎസ് ഡോളര്‍ ഫോക്കസില്‍ നിക്ഷേപിക്കുക.

ഈ കോവിഡ് പ്രതിസന്ധിഘട്ടത്തില്‍  മലയാളി സ്റ്റാര്‍ട്ട് അപ്പ് കമ്പനി എന്ന നിലയില്‍ വിദേശ നിക്ഷേപം നേടാന്‍ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന്,സ്‌കൈ ഈസ് ലിമിറ്റ് ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ മനോദ് മോഹന്‍ പറയുന്നു.

 നിക്ഷേപം സ്വീകരിക്കുന്നതിലൂടെ ഫോക്കസിന് അന്താരാഷ്ട്രതലത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കരുത്തേകും. ഫോക്കസിന്റെ റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്, സപ്പോര്‍ട്ട്, ബിസിനസ് ഡവലപ്പ്‌മെന്റ് തുടങ്ങിയ മേഖലകള്‍ വികസിപ്പിക്കാനാകും പുതിയ നിക്ഷേപം മുതല്‍ മുടക്കുക. അതിലൂടെ കേരളത്തില്‍ സാങ്കേതിക വിഭാഗത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വളര്‍ച്ച കൈവരിക്കാനും സാധിക്കും, അദ്ദേഹം കൂട്ടിചേര്‍ത്തു.

വളരെ നൂതനവും സുരക്ഷിതവും, ഫ്‌ലെക്‌സിബിളുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമാണ് ‘ഫോക്കസ്. ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവര്‍ത്തനത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഈ അസാധാരണമായ കാലഘട്ടത്തില്‍, സുരക്ഷിതവും പ്രശ്നരഹിതവുമായ ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അഞ്ച് മാസത്തെ ചുരുങ്ങിയ കാലയളവിലാണ്  ഫോക്കസ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമായ ഫോക്കസ് വീഡിയോ കോണ്‍ഫറന്‍സിംഗ് രംഗത്ത് മികച്ച സുരക്ഷയേകും.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മക് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളിലും ഫോക്കസ് ഉപയോഗിക്കാനാകും.