ബ്ലോക്‌ചെയിന്‍ സാമൂഹിക മാറ്റത്തിന് പ്രയോജനപ്പെടുത്തണം : ജയിന്‍ തോമസണ്‍

Posted on: December 14, 2019

കൊച്ചി: സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍പോലും സമൂഹത്തിന് ആശ്രയിക്കാവുന്ന നൂതന സാങ്കേതികവിദ്യയാണ് ബ്ലോക്‌ചെയിന്‍ എന്ന് ലോക പ്രശസ്ത ബ്ലോക്‌ചെയിന്‍ സാങ്കേതികവിദഗ്ധ ഡോ. ജയിന്‍ തോമസണ്‍ പറഞ്ഞു.

ഇന്നലെ സമാപിച്ച ബ്ലോക്‌ചെയിന്‍ ഉച്ചകോടിയായ ബ്ലോക്ഹാഷ്-2019 ല്‍ ആഗോള സാമൂഹിക മാറ്റത്തില്‍ ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഫിന്‍ടെക് വേള്‍ഡൈ്വഡ് സിഇഒ-യും യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ സെന്റര്‍ ഫോര്‍ ബ്ലോക്‌ചെയിന്‍ ഇന്‍ഡസ്ട്രി അസോഷ്യേറ്റുമായ ജയിന്‍ തോമസണ്‍.

15 വര്‍ഷം മുമ്പ് ഇതേമാസം ഇന്‍ഡോനേഷ്യയിലുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നഷ്ടപ്പെട്ടു. പക്ഷേ ബ്ലോക്‌ചെയിന്‍ പോലൊരു സാങ്കേതികവിദ്യ അന്നുണ്ടായിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു. ഇത്തരത്തില്‍ പുത്തന്‍ സാങ്കേതികവിദ്യകളെ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കേണ്ടിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

മറ്റു സാങ്കേതികവിദ്യകളുമായി കൃത്യമായി സംയോജിപ്പിച്ച് ബിസിനസ് ശേഷിയ്ക്കും കോര്‍പറേറ്റ് നയങ്ങള്‍ക്കും രൂപം നല്‍കാനാവുമെന്ന് അലിയാന്‍സ് ടെക്‌നോളജിയിലെ ലീഡ് ബ്ലോക്‌ചെയിന്‍ ആര്‍ക്കിടെക്ട് ഡാനി വോങ് പറഞ്ഞു. പടിപടിയായി മാത്രമെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാവൂ എന്ന് പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ ഗവ. ആന്‍ഡ് പബ്ലിക് സര്‍വീസസ് പാര്‍ട്‌നറായ ശ്രീറാം അനന്തശയനം ചൂണ്ടിക്കാട്ടി.

ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഏത് സ്ഥാപനത്തിലും വ്യവസായത്തിലും കാര്യക്ഷമമായി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-കേരളയുടെ കീഴിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമി അലിയാന്‍സ് ടെക്‌നോളജി(ഇന്ത്യ)യുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ലിനക്‌സ് ഫൗണ്ടേഷനിലെ ഏഷ്യ പസിഫിക് ലെഡ്ജര്‍ വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍, സംസ്ഥാന ഐടി-ഇലക്ട്രോണിക്‌സ് സെക്രട്ടറി എം. ശിവശങ്കര്‍, ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ്, കേരള ബ്ലോക്‌ചെയിന്‍ അക്കാദമി പ്രൊഫ-ഇന്‍-ചാര്‍ജ് ഡോ. എസ് അഷറഫ് എന്നിവര്‍ സമാപന ദിനത്തിലെ സെഷനുകളില്‍ പങ്കെടുത്തു.