സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭകർക്കുമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

Posted on: July 28, 2020

തിരുവനന്തപുരം : സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭകരും നേരിടുന്ന സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവർഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകൾ തുടങ്ങുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
കേരളാ ഫിനാൻഷ്യൽ കോർപറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാർഗനിർദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും.

പ്രോജക്ട് കോസ്റ്റിൻറെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്‌സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സർക്കാർ വഹിക്കും. ഫലത്തിൽ 7 ശതമാനം ആയിരിക്കും പലിശ. ഇതിനുപുറമേ നിലവിലെ സ്റ്റാർട്ടപ്പുകളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്താൻ കെഎഫ്‌സി വഴി മൂന്ന് പുതിയ പദ്ധതികൾ കൂടി തുടങ്ങും. പ്രവർത്തന മൂലധന വായ്പ: സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ലഭിച്ചിട്ടുള്ള പർച്ചേയ്‌സ് ഓർഡർ അനുസരിച്ച് 10 കോടി രൂപ വരെ പ്രവർത്തന മൂലധന വായ്പ അനുവദിക്കും.

സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉത്പന്നമോ, സേവനമോ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി വരെ വായ്പ നൽകും. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിൻറെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികൾക്ക് 10 കോടി രൂപ വരെ ലഭിക്കും. ഈ മൂന്ന് പദ്ധതികൾക്കും രണ്ടു ശതമാനം സർക്കാർ സബ്‌സിഡി ലഭ്യമാക്കും. അതിലും ഫലത്തിൽ ഏഴു ശതമാനം ആയിരിക്കും പലിശയെന്ന് മുഖ്യമന്ത്രി പറഞ്ഞു.