കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ വ്യവസായ പ്രമുഖന്‍ രാജേഷ് ദെംബ്ല

Posted on: November 29, 2019

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് വ്യവസായ പ്രമുഖന്‍ രാജേഷ് ദെംബ്ല.

കൊച്ചിയില്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് കെഎസ്യുഎം നടത്തിയ ‘ഹൈവേ ടു ഹണ്‍ഡ്രഡ് സ്റ്റാര്‍ട്ടപ്പ്’ പരിപാടിയില്‍ വച്ചാണ് നിക്ഷേപം നടത്താനുള്ള താത്പര്യം രാജേഷ് പ്രകടിപ്പിച്ചത്. ജസ്റ്റ്ഡയല്‍ എന്ന കമ്പനിയുടെ സഹസ്ഥാപകനും ആഗോള പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. വിവിധ സേവനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പ്രാദേശികമായ തെരച്ചിലിനു സഹായിക്കുന്ന സംവിധാനമാണ് ജസ്റ്റ്ഡയല്‍.

മറ്റു സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിന്റെ പ്രധാന ആകര്‍ഷണമെന്ന് രാജേഷ് പറഞ്ഞു. കെഎസ്യുഎം ഇന്‍കുബേറ്റ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ നിലവാരവും സര്‍ക്കാര്‍ തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സഹായങ്ങളും സഹകരണവും മികച്ചതാണ്.

ആഗോളതലത്തില്‍ തന്നെ മത്സരശേഷിയുള്ള രണ്ട് സംരംഭങ്ങളെയാണ് നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. അവരുമായി കൂടുതല്‍ ആശയവിനിമയത്തിനു ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ മത്സരിക്കാനുള്ള ശേഷിയിലും അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനത്തിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇത് മറികടക്കാന്‍ വിവിധ പദ്ധതികള്‍ കെഎസ് യുഎം ആവിഷ്‌ക്കരിക്കുന്നുണ്ട്. പൊതുജനതാത്പര്യം മുന്‍നിറുത്തിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ താത്പര്യം വളരുന്നതോടെ ഈ രംഗത്തേക്ക് നിരവധി സംരംഭകര്‍ കടന്നു വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

36 കമ്പനികളാണ് രാജേഷ് ദെംബ്ല സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോള്‍ സെല്‍പ്‌മോക് എന്ന ഡാറ്റ സയന്‍സ്-ഡിസൈന്‍ കമ്പനിയുടെ സിഇഒയാണ് അദ്ദേഹം.