സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതകളുമായി കേരളത്തിലെ അര്‍ബുദ ചികിത്സാരംഗം

Posted on: November 9, 2019

കൊച്ചി: കേരളത്തിലെ അര്‍ബുദരോഗ നിര്‍ണയ-ചികിത്സാ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അനന്തസാധ്യതകള്‍ വെളിവാക്കി കൊച്ചിയില്‍ തുടങ്ങിയ കാന്‍ക്യുര്‍ സമ്മേളനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററും(സിസിആര്‍സി) ചേര്‍ന്നാണ് കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ പ്രതിനിധികളടക്കം 200 ഓളം വിദഗ്ധരാണ് വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. അര്‍ബുദ രോഗ നിര്‍ണയത്തിലും ചികിത്സയിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു വഴി സമൂഹത്തിലെ എല്ലാ തട്ടിലുള്ളവര്‍ക്കും മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യതകളാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

അര്‍ബുദരോഗ നിര്‍ണയവും ചികിത്സയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ആദ്യ ദിവസത്തെ ചര്‍ച്ചകള്‍. ഇതിന് പരമ്പരാഗത രീതികള്‍ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് ഇസിഎച്ഒ (എക്‌സറ്റെന്‍ഷന്‍ ഫോര്‍ കമ്മ്യൂണിറ്റി ഹെല്‍ത്‌കെയര്‍ ഔട്ട്കംസ്) ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുനില്‍ ആനന്ദ് ചൂണ്ടിക്കാട്ടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നു തന്നെ രോഗികള്‍ക്ക് മികച്ച ചികിത്സാ ഉപദേശം ലഭിക്കുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് പോലെയുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ബുദരോഗ നിര്‍ണയത്തിന്റെ ആദ്യ പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും തുടങ്ങണമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. ഫലവത്തായ ഇ-മൊഡ്യൂളുകള്‍ വികസിപ്പിച്ചെടുക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അര്‍ബുദ ചികിത്സാരംഗത്തിലെ ആധുനികവത്ക്കരണത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വലിയപങ്ക് വഹിക്കാനാവുമെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പല പ്രായോഗിക പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്ന ആരോഗ്യനയമായ ആര്‍ദ്രം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ക്രിയാത്മകമായ പങ്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഹിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികള്‍ക്കുള്ള ബോധവത്കരണവും തുടര്‍ പരിശോധനകളും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അര്‍ബുദരോഗ ചികിത്സാ വെല്ലുവിളികളും, ആര്‍ദ്രം പദ്ധതി, തുടങ്ങിയ വിഷയങ്ങളില്‍ അമ്പതോളം വിദഗ്ധരാണ് ആദ്യ ദിനം സംസാരിച്ചത്.

സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍, സംസ്ഥാന ഐടി മിഷന്‍ ഡയറകട്ര് ഡോ. എസ് ചിത്ര, കെ എസ് യു എം സിഇഒ ഡോ. സജി ഗോപിനാഥ്, കുസാറ്റ് വൈസ്ചാന്‍സിലര്‍ പ്രൊഫ. കെ എന്‍ മധുസൂദനന്‍, പ്രശസ്ത അര്‍ബുദ രോഗവിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍, സിസിആര്‍സി ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് തുടങ്ങിയവര്‍ രണ്ടാം ദിനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.