സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് വെഞ്ച്വർ ഫണ്ട് ആരംഭിക്കുമെന്ന് സാജൻ പിള്ള

Posted on: July 4, 2019

തിരുവനന്തപുരം : ഇസ്രായേൽ മാതൃകയിൽ കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് വെഞ്ച്വർ ഫണ്ട് ആരംഭിക്കുമെന്ന് യുഎസ്ടി ഗ്ലോബൽ മുൻ സിഇഒ-യും ആഗോള പ്രശസ്ത ഐടി വിദഗ്ധനുമായ സാജൻ പിള്ള പറഞ്ഞു. ഇതിനായി സ്റ്റാർട്ടപ്പ്- സർക്കാർ-സ്വകാര്യ സംരംഭകർ എന്നിവർക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാജൻ പിള്ള കേരള സ്റ്റാർട്ടപ് മിഷന്റെ ആഭിമുഖ്യത്തിൽ സ്റ്റാർട്ടപ്പുകളുമായി ടെക്‌നോപാർക്കിൽ ആശയവിനിമയം നടത്തുകയായിരുന്നു.

സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ വിപുലപ്പെടുത്തുന്നതിനുള്ള വെഞ്ച്വർ ഫണ്ട് കെഎസ് യുഎമ്മുമായി സഹകരിച്ച് ആരംഭിക്കും. സഹായം നൽകുന്നതിനു പുറമേ കേരളത്തിലെ സീനിയർ തലത്തിലുള്ള എക്‌സിക്യുട്ടീവുകളെ വിളിച്ചുകൂട്ടി സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുത്തും. തുടർന്ന് സർക്കാരുമായി ബന്ധം സ്ഥാപിക്കും. ഇസ്രായേലിന്റെ സഹായത്തോടെ ടെക്‌നോളജി ലഭ്യത വർദ്ധിപ്പിക്കുമെന്നും സാജൻ പിള്ള പറഞ്ഞു. എച്ച്എൽഎൽ മുൻ സിഎംഡി ഡോ.എം അയ്യപ്പനും ആശയവിനിമയ പരിപാടിയിൽ സന്നിഹിതനായിരുന്നു.