റാപിഡ് വാല്യൂ ഹാക്കത്തോണ്‍-ടെക്‌നോളജി ഫെസ്റ്റ് ജൂലൈ 13-14 തീയതികളിൽ

Posted on: June 21, 2019

കൊച്ചി:  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, റാപിഡ് വാല്യൂ എന്നിവ സംയുക്തമായി നടത്തുന്ന ഹാക്കത്തോണ്‍-ടെക്‌നോളജി ഫെസ്റ്റിന്റെ രണ്ടാം ലക്കം ജൂലൈയില്‍ നടക്കും. കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍  13-14 തീയതികളിലായാണ് ഹാക്കത്തോണ്‍ നടക്കുന്നത്.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 30,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,000, 10,000 രൂപ വീതമാണ് സമ്മാനമായി ലഭിക്കുന്നത്.

സോഫ്റ്റ്‌വേർ പ്രോഗ്രാമേഴ്‌സ്, ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ സംയുക്തമായി പുതിയ ആശയങ്ങള്‍ കോഡ് ചെയ്ത് വികസിപ്പിക്കുന്ന വേദിയാണ് ഹാക്കത്തോണ്‍. പരമാവധി 5 പേരടങ്ങുന്ന സംഘമായി പുതിയ ആശയത്തെ രണ്ട് ദിവസം കൊണ്ട് പ്രൊജക്ടായി അവതരിപ്പിക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയ, മൊബൈല്‍ സാങ്കേതികവിദ്യ, ഐഒടി, അനലറ്റിക്‌സ്, ബിഗ് ഡാറ്റാ, സൈബര്‍ സെക്യൂരിറ്റി, യാന്ത്രിക വിജ്ഞാനം, നിര്‍മ്മിതബുദ്ധി, മൊബൈല്‍ ഗവേണന്‍സ് എന്നീ സാങ്കേതിക മേഖലകളാണ് പ്രൊജക്ടിനായി തെരഞ്ഞെടുക്കേണ്ടത്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ലഘൂകരിക്കാനുതകുന്ന സാങ്കേതിക വിദ്യ ഇക്കുറിയും ഹാക്കത്തോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജിഗോപിനാഥ് പറഞ്ഞു. 2016 ലെ ആദ്യ ലക്കത്തിലെ ഹാക്കത്തണിനു ശേഷം ഏതാനും കമ്പനികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആവേശത്തോടെയാണ് ഈ ഹാക്കത്തോണിനെ കാണുന്നതെന്ന് റാപിഡ് വാല്യൂ സിഇഒ റിനീഷ് കെ എന്‍ പറഞ്ഞു. ഒന്നാം ലക്കത്തിനു സമാനമായ വിജയം ഈ ഹാക്കത്തോണിന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2009 ല്‍ സ്ഥാപിതമായ റാപിഡ് വാല്യൂ അമേരിക്ക, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുഎക്‌സ് ഡിസൈന്‍, ആപ്ലിക്കേഷന്‍ ഡവലപ്മന്റ്, ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിംഗ്, ഐഒടി, ക്ലൗഡ് തുടങ്ങിയ നൂതന സാങ്കേതിക മേഖല അടിസ്ഥാനമാക്കിയാണ് റാപിഡ്വാല്യൂ പ്രവര്‍ത്തിക്കുന്നത്

ഹാക്കത്തണില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ http://www.rapidvaluehackathon.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇ മെയില്‍ മുഖാന്തിരം സംഘാടകര്‍ അറിയിക്കും.

TAGS: Startup Mission |