കയറ്റുമതിയുടെ 48 ശതമാനവും എം.എസ്.എം.ഇ. മേഖലയുടേതെന്ന് നിതിന്‍ ഗഡ്കരി

Posted on: July 29, 2020

മുംബൈ : രാജ്യത്തെ കയറ്റുമതിയുടെ 48 ശതമാനവും സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 30 ശതമാനവും ഈ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 11 കോടി തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആത്മനിര്‍ഭര്‍ ഭാരതും എം.എസ്.എം.ഇ.യും സംബന്ധിച്ച് നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഭക്ഷ്യോത്പാദനത്തില്‍ ഉയര്‍ന്ന ശേഷിയുണ്ടെങ്കിലും സംഭരണസംവിധാനങ്ങളുടെ കുറവ് വലിയ പ്രശ്‌നമായി തുടരുന്നു. ശീതീകരിച്ച് സംഭരിക്കാന്‍ കൂടുതല്‍ പ്ലാന്റുകള്‍ ആവശ്യമായുണ്ട്.

അതുകൊണ്ടുതന്നെ എയര്‍കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ മേഖല ഏറെ പ്രധാനപ്പെട്ടതാണെന്നും കാര്‍ഷിക മേഖലയിലടക്കം വലിയ സാധ്യതകളാണ് ഇതിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ എം.എസ്.എം.ഇ. മേഖലയുടെ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ 3.70 ലക്ഷം കോടി അതിനായി നീക്കിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

TAGS: MSME | Nitin Gadkari |