വന്ദേ ഭാരത് രണ്ടാം ഘട്ടം : 31 രാജ്യങ്ങളില്‍ നിന്ന് 149 വിമാന സര്‍വീസുകള്‍

Posted on: May 13, 2020

ന്യൂഡല്‍ഹി : ശനിയാഴ്ച വന്ദേ ഭാരത് രണ്ടാംഘട്ടത്തിന്റെ ഭാഗമായി 31 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സര്‍വീസുകളാണുണ്ടാവുക. കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലേക്കാണ് – 31. ഇത് 43 ആയി വര്‍ധിപ്പിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം നല്‍കുന്ന സൂചന.

ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ചെറുനഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡര്‍ വിമാനങ്ങളുമുണ്ടാകും. ചണ്ഡീഗഢിലേക്കും ജയ്പൂരിലേക്കും ഓരോ വിമാനങ്ങള്‍ സര്‍വീസ് നടത്തും.

ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയുരന്ന രാജ്യങ്ങള്‍ക്കു പുറമേ 18 രാജ്യങ്ങളില്‍ നിന്നുകൂടി രണ്ടാം ഘട്ടത്തില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരും. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന എട്ടു രാജ്യങ്ങളും ഇവയിലുള്‍പ്പെടും. ഇവിടങ്ങളിലെ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയാണിത്.

മോസ്‌കോയില്‍ നിന്ന് കണ്ണൂരിലേക്കും യുക്രൈനില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാംഘട്ടത്തില്‍ കൂടുതല്‍ സര്‍വീസുകളുണ്ടാകും.

രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ റഷ്യ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, നൈജീരിയ, കാനഡ, ഇന്‍ഡൊനീഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, യു. കെ., കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, യൂക്രൈന്‍, ജോര്‍ജിയ, താജികിസ്താന്‍, അര്‍ജീരിയ, ബെലാറസ്, തായ്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, യു.എ.ഇ., സൗദി അറേബ്യ, മലേഷ്യ, ഒമാന്‍, ഖത്തര്‍, ഫിലിപ്പന്‍സ്, സിങ്കപ്പൂര്‍, കുവൈത്ത്, ബഹ്‌റൈന്‍, നേപ്പാള്‍, ബംഗ്ലാദേശ്.

വിമാനങ്ങളെത്തുന്നത് : കേരളം, ഡല്‍ഹി, കര്‍ണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജമ്മുകശ്മീര്‍, മധ്യപ്രദേശ്.

കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ : യു.എ.ഇ. – ആറ് എണ്ണം (ഇത് 11 ആകും). ഒമാന്‍ : നാല്, സൗദി അറേബ്യ : മൂന്ന്, ഖത്തര്‍ : രണ്ട്, കുവൈത്ത് : രണ്ട്, റഷ്യ, ബഹ്‌റൈന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, താജിക്‌സതാന്‍, ഇന്‍ഡൊനീഷ്യ, ഓസ്‌ട്രേലിയ, യുക്രൈന്‍, യു. കെ., മലേഷ്യ, അമേരിക്ക, അര്‍മിനിയ, ഫിലിപ്പിന്‍സ് : ഓരോന്നു വീതം.