ഇറാം സയന്റിഫിക് സൊല്യൂഷന് വീണ്ടും അംഗീകാരം

Posted on: April 29, 2019

ഡല്‍ഹി: ഇ-ടോയ്‌ലറ്റ് സംവിധാനം രാജ്യത്ത് അവതരിപ്പിച്ചു കൊണ്ട് നിരവധി അംഗീകാരങ്ങള്‍ നേടിയ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ്, ഇന്ത്യ സാനിറ്റേഷന്‍ കോഅലീഷനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ചേര്‍ന്നു ഏര്‍പ്പെടുത്തിയ സാമൂഹ്യ സംരംഭം എന്ന നിലയിലുള്ള മികച്ച ശൗചാലയ മാതൃകയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഫിക്കി പ്രസിഡന്റ് സന്ദീപ് സോമനിയില്‍ നിന്നും ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് അവാര്‍ഡ് ഏറ്റു വാങ്ങി. ഇന്ത്യ സാനിറ്റേഷന്‍ കോ അലീഷന്‍ അധ്യക്ഷ നൈന ലാല്‍ കിദ്വായ് ചടങ്ങില്‍ സംബന്ധിച്ചു.

പൊതു ശൗചാലയ നവീകരണത്തിലും ഈ മേഖലയില്‍ ആധുനിക സാങ്കേതികതകള്‍ ആവിഷ്‌കരിക്കുന്നതിലും ഇറാം സയന്റിഫിക് സൊല്യൂഷന്‍ ഒരു ദശാബ്ദത്തിലധികമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ചടങ്ങില്‍ നിറം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഏറ്റവും ആരോഗ്യകരവും പരിസ്ഥിതി സൗഹൃദപൂര്‍ണവുമായ ശൗചാലയ ശൃംഖലകള്‍ രാജ്യത്ത് ഉടനീളം സ്ഥാപിക്കുക എന്നതാണ് ഇറാം സയന്റിഫിക്കിന്റെ ലക്ഷ്യം. വെല്ലുവിളികള്‍ നിറഞ്ഞ ഈ ഒരു ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള പരിശ്രമങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കേരളത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്‌ലറ്റ് സ്ഥാപിച്ചു കൊണ്ട് മഹത്തായ ഒരു ആരോഗ്യ വിപ്ലവത്തിന് തുടക്കം കുറിച്ച ഇറാം ഗ്രൂപ്പ് ഇതിനകം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി മുവ്വായിരത്തി അഞ്ഞൂറില്‍പ്പരം ഇടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ നേപ്പാള്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലും ഇടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, ഹെയ്റ്റി എന്നീ രാജ്യങ്ങളിലും ഇ ടോയ്‌ലറ്റ് പദ്ധതികള്‍ ആരംഭിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളിലാണ് ഇറാം സയന്റിഫിക് സൊല്യൂഷന്‍. നാല്‍പത്തഞ്ചിലധികം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍കം കരസ്ഥമാക്കിയ ഇറാം ഗ്രൂപ്പിന്റെ ഇ ടോയ്‌ലറ്റ് പദ്ധതിക്ക് ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അടക്കം അനേകം സംഘടനകളുടെ ഗ്രാന്‍ഡും ലഭ്യമായിട്ടുണ്ട്.